രാജു സാറിനോടും കുടുംബത്തോടും മാപ്പു ചോദിക്കുന്നു എന്ന് അജു വർഗീസ്

0
452

ടി എസ് രാജു എന്ന നടൻ മരണപ്പെട്ടു എന്ന രീതിയിൽ വലിയ രീതിയിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി ഇതിനെ തുടർന്ന് ഇത്തരത്തിൽ ഒരു വാർത്ത സമൂഹമാധ്യമത്തിൽ കൊടുത്ത അജു വർഗീസ് നേരിട്ട് ടി എസ് രാജുവിനെ വിളിച്ചു മാപ്പു പറയുകയായിരുന്നു. നവമാധ്യമങ്ങളിൽ കണ്ട വാർത്തയിൽ വഞ്ചിതനായാണ് ഇത്തരം ഒരു പോസ്റ്റ് ഇട്ടത് എന്നും താൻ മൂലം സങ്കടം ഉണ്ടായ എല്ലാവരോടും ക്ഷമയും അജു പറയുന്നുണ്ട്. തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഇത്തരം ഒരു തെറ്റ് പറ്റിയ വിവരം അജു വർഗീസ് സമ്മതിക്കുന്നത്.

വാർത്തയുടെ പ്രചാരണത്തെ തുടർന്ന് ടി എസ് രാജു പ്രതികരിച്ചത് ഇങ്ങനെ ആണ്. ‘വാട്സാപ്പിൽ ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ മരിച്ചിട്ടൊന്നുമില്ല, ജീവിച്ചിരിപ്പുണ്ട്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ എനിക്കിപ്പോൾ കഴിയുന്നില്ല. ഞാൻ ഉടനെയൊന്നും മരിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഒരുപാട് പരിചയമുള്ള സ്ത്രീകളും കുട്ടികളുമെല്ലാം വിളിച്ചു ഒരുപാട് സങ്കടം പറഞ്ഞു. അതൊരുപാട് ബുദ്ധിമുട്ടുണ്ടാക്കി’, രാജു പറഞ്ഞു.

വില്ലൻ വേഷങ്ങൾ കൊണ്ട് മലയാള സിനിമാ രംഗത്ത് നിരവധി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടനാണ് രാജു. ജോക്കർ എന്ന സിനിമയിലെ മലയാളികൾ ഒരിക്കലൂം മറക്കാൻ ഇടയില്ലാത്ത ഗോവിന്ദേട്ടനിൽ തുടങ്ങി ഒരുപാട് കഥാപാത്രങ്ങൾ രാജു മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. 1969 -ൽ എം കൃഷ്ണൻ നായർ സംവിധായകനായ അനാച്ഛാദനം എന്ന പ്രേംനസീർ സിനിമയിൽ ഒരു പോലീസ് സബ് ഇൻസ്പെക്റ്ററുടെ വേഷത്തിലൂടെയാണ് രാജു സിനിമയിലേക്ക് കടന്നു വരുന്നത്. സഹ സംവിധായകനായ ഹരിഹരൻ മുഖേനയാണ് രാജുവിന് ഈ അവസരം ലഭിച്ചത്. അതിനുശേഷം സത്യൻ നായകനായ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിലും താരം ഒരു വേഷം ലഭിച്ചു.

തുടക്കകാലത്ത് സിനിമയിൽ നിന്ന് പ്രതീക്ഷിച്ച നേട്ടങ്ങൾ ഇല്ലാതെ വന്നതോടെ രാജു പിന്നീട് നാടകങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്. നിരവധി നാടകങ്ങളിൽ അഭിനയിച്ച രാജു ജീവിതവും അഭിനയവും കുറേക്കൂടി മെച്ചപ്പെടുത്തുകയും തുടർന്ന് സീരിയലുകൾ ചെയ്യുകയുമുണ്ടായി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിൽ ടി എസ് രാജു അവതരിപ്പിച്ച മാർക്കോസ് എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. മാർക്കോസ് ആണ് രാജുവിന് ഒരു മുഖം കൊടുത്തത്. തുടർന്നും നിരവധി സീരിയലുകളിൽ രാജു വേഷമിട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here