ഭാസിയ്ക്ക്‌ മനംമാറ്റം ഉണ്ടായെന്ന് തോന്നുന്നു: ബാബുരാജ്

0
689

നിലവിൽ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്‌നിനും വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ശ്രീനാഥ് ഭാസി ”അമ്മ’യിലേക്ക് പുതിയതായി അംഗമാകാൻ വന്നിരിക്കുകയാണ്. അങ്ങനെ അംഗത്വമേറ്റെടുക്കുന്നത് മനംമാറ്റം വന്നതുകൊണ്ടായിരിക്കുമെന്ന് ബാബുരാജ്. അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണിത്. തനിക്കു അമ്മയിൽ അംഗത്വം ലഭിച്ചത് തന്നെ ഏറെ വൈകിയാണെന്നും ബാബുരാജ് കൂട്ടിച്ചേർക്കുന്നു.

‘‘ആരെയും തെറ്റുപറഞ്ഞിട്ടു കാര്യമില്ല. ‘അമ്മ’യിലെ അംഗത്വം എടുത്തിട്ട് എന്ത് കാര്യമുണ്ട് എന്നായിരിക്കും ഇവരൊക്കെ ചിന്തിക്കുന്നത്. ഭാസിയൊക്കെ എത്രയോ സിനിമകൾ ചെയ്തവരാണ്. ഞങ്ങളൊക്കെ പണ്ട് ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി കുറേ നടന്നതാണ്. എന്നിട്ടാണ് അവസാനം മെമ്പർഷിപ്പ് കിട്ടിയത്. അത്കൊണ്ട് നമുക്കൊക്കെ അതിന്റെ വില അറിയാം. പുതിയ നടന്മാർക്ക് അതൊന്നും അറിയില്ല. ഇപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എഗ്രിമെന്റിൽ പറയുന്നത് അഭിനയിക്കുന്ന വ്യക്തിയുമായി ചർച്ചയ്ക്കോ മധ്യസ്ഥത്തിനോ തയാറല്ല എന്നാണു. സംഘടനകളുമായി മാത്രമേ അവർ ചർച്ച ചെയ്യൂ. അപ്പോൾ അവിടെയാണ് അസോസിയേഷന്റെ പ്രസക്തി വരുന്നത്. ഇവരൊക്കെ അത് മനസ്സിലാക്കാൻ കുറച്ചു വൈകിപ്പോയിട്ടുണ്ടാകാം.

ഒരു പ്രശ്നമുണ്ടാകുമ്പോൾ നിർമാതാവ്, പ്രൊഡ്യൂസർ അസോസിയേഷനിൽ ചെന്നുകഴിഞ്ഞാൽ അവർ താരങ്ങളുടെ സംഘടനയുമായി മാത്രമേ ചർച്ച ചെയ്യൂ എന്നാണു പറയുന്നത്. ഷെയ്‌ൻ നിഗം എന്ന നടന് പല പ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടാവുകയും ഞങ്ങൾ ഞങ്ങളുടെ അംഗത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. പല പ്രശ്നങ്ങളും ‘അമ്മ’ ഇടപെട്ട് ഒത്തുതീർപ്പിലാക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ നിർമാതാക്കൾ പറയുന്നതിലും കഴമ്പുണ്ട് എന്ന് പറയേണ്ടി വരികയാണ്. ഇപ്പോൾ എന്തായാലും ശ്രീനാഥ് ഭാസി ‘അമ്മ’യുടെ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്. ആ അംഗത്വം കൊടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏതെങ്കിലും ഒരംഗം എതിർപ്പ് പ്രകടിപ്പിച്ചാൽ മെമ്പർഷിപ്പ് കൊടുക്കാൻ കഴിയില്ല. ‘അമ്മ’യുടെ മെമ്പർഷിപ്പ് ഫോമിൽ ചില മാനദണ്ഡങ്ങളുണ്ട്. ജൂൺ 25 നു ജനറൽ ബോഡി കൂടുന്നതിന് മുൻപ് ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും അതിലാകും ശ്രീനാഥിന്റെ അംഗത്വ അപേക്ഷ ചർച്ച ചെയ്യുക.

സംഘടനയിൽ നിന്നും സിനിമയിൽ നിന്നും ആരെയും വിലക്കണമെന്നു ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോഴത്തെ പുതിയ നടന്മാർക്കെല്ലാം നല്ല വരുമാനമാണ്. പണ്ട് കാലത്തൊന്നും ഇത്ര ശമ്പളം ഉണ്ടായിരുന്നില്ല. കഴിവുള്ള ഈ താരങ്ങളൊക്കെ സിനിമയിൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

ആരെങ്കിലും ഒരാൾ “മോനെ അങ്ങനെ അല്ല ഇങ്ങനെയാണ്” എന്ന് പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ട്. അതിനൊരു സംഘടനയുടെ ഭാഗമാകണം. ഒരു സംഘടനയിൽ അംഗമാകുമ്പോഴാണ് നമ്മുടെ പിന്നിലും ചോദിക്കാനും പറയാനും ആളുണ്ട് എന്ന് തോന്നുന്നത്. താരങ്ങൾ അതിരാവിലെ വരണം എന്ന് പറയുമ്പോൾ അവർ തലേദിവസം എത്ര മണിക്ക് ആണ് ഷൂട്ടിങ് പൂർത്തിയാക്കി പോയത് എന്നുകൂടി നോക്കണം. തലേന്ന് രാത്രി 2 മണിക്ക് പോയ ഒരാൾക്ക് പിറ്റേന്ന് രാവിലെ 7 മണിക്ക് വരാൻ പറ്റി എന്ന് വരില്ല. അതിന്റെ പേരിൽ പ്രശ്നമുണ്ടാവുകയാണെങ്കിൽ താരങ്ങൾക്കൊപ്പം നിൽക്കാനും അവർക്ക് വേണ്ടി വാദിക്കാനും ആരെങ്കിലും വേണം. അവരുടെ ഭാഗം പറയാൻ ഒരു സംഘടന ഉള്ളത് അവർക്കും നല്ലതാണ്. ഞങ്ങളുടെ അംഗത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. എന്തായാലും അവർ തെറ്റ് തിരുത്തി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ശ്രീനാഥ്‌ ഭാസിയ്ക്കു മനംമാറ്റം ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് ബാബുരാജ് പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here