സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയില്‍

0
503

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ ആശുപത്രിയില്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ആശുപത്രിയിലാണ് ജയശ്രീയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

 കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഗായികയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിട്ടനില്‍ എത്തിയതായിരുന്നു ബോംബെ ജയശ്രീ. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയശ്രീയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പ്രശസ്തയായ സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയുമായ ബോംബെ ജയശ്രീയുടെ യഥാര്‍ത്ഥ പേര് ജയശ്രീ രാമനാഥന്‍ എന്നാണ്. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ജയശ്രീയ്ക്ക് കഴിഞ്ഞു. സംഗീത അദ്ധ്യാപകരായ എന്‍.എന്‍. സുബ്രമണ്യത്തിന്റെയും സീത സുബ്രമണ്യത്തിന്റെയും മകളാണ്.

കുട്ടിക്കാലം മുതല്‍ തന്നെ കര്‍ണാടക സംഗീതം പഠിച്ചു വളര്‍ന്ന ജയശ്രീ ബോംബെയിലെ ടി.ആര്‍. ബാലാമണി അമ്മാളിന്റെ കീഴിലാണ് സംഗീതമഭ്യസിച്ചത്. പിന്നീട്, 1989 ല്‍ സംഗീത പ്രതിഭ ലാല്‍ഗുഡി ജി. ജയരാമന്റെ കീഴില്‍ സംഗീതം അഭ്യസിക്കാനായി ചേര്‍ന്നു.

ദൂരദര്‍ശനിലും ഓള്‍ഇന്ത്യ റേഡിയോയിലും ജയശ്രീ തന്റെ ശബ്ദം കൊണ്ട് അനശ്വരമാക്കിയ ഗാനങ്ങളുടെ ഒഴുക്കായിരുന്നു പിന്നീടങ്ങോട്ട്. ബോംബെ സര്‍വ്വകലാശാലയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ ബിരുദമെടുത്ത ജയശ്രീ പഠനകാലത്ത് തന്നെ മികവുറ്റ കലാകാരിയെന്ന നിലയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടി.

തമിഴ് ചലച്ചിത്ര രംഗത്തെ പ്രത്ഭരായ സംഗീതജ്ഞരോടൊപ്പം ജോലിചെയ്തിട്ടുള്ള ജയശ്രീ, നിരവധി ചിത്രങ്ങളിലെ പാട്ടുകള്‍ പാടി അനശ്വരമാക്കി. മിന്നലെ എന്ന ചിത്രത്തിലെ ‘വസീഗര..’ ഗജിനിയിലെ ‘സുട്ടും വിഴിച്ചുടെരെ…’, വേട്ടയാടു വിളയാടിലെ ‘പാര്‍ത്ത മുതല്‍ നാളീ…’ തുടങ്ങിയ ഗാനങ്ങള്‍ അവയില്‍ ചിലത് മാത്രം. മലയാളത്തിലെ ഒരേ കടല്‍ എന്ന ചിത്രത്തിലെ ‘പ്രണയ സന്ധ്യ ഒരു..’ എന്ന ഗാനവും ഹിന്ദിയിലെ ‘രെഹ്നാഹെ തെരെ ദില്‍ മേം’ എന്ന ചിത്രത്തിലെ ‘സരാ സരാ..’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here