അഖിലിന്റെ പേരിനൊപ്പമുള്ള മാരാര്‍ എന്നതാണോ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീകര പ്രശ്‌നം?: കുറിപ്പ് വൈറലാവുന്നു

0
181

ടുത്തിടെ ബിഗ്‌ബോസ് താരം അഖില്‍ മാരാറിന്റെ പേരിലുള്ള സവര്‍ണ്ണത എന്ന വിഷയത്തെ കുറിച്ച് പ്രമുഖ മാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ വന്നിരുന്നു. അഖിലിന്റെ പേരിനൊപ്പമുള്ള മാരാറാണ് ചര്‍ച്ചവിഷയമായത്. ഇത്തരം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ട്ടിക്കുന്നവരെക്കുറിച്ച് എഴുതിയിരിക്കുകയാണ് എഴുത്തുകാരിയായ അഞ്ജു.

കുറിപ്പ് വായിക്കാം

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീകര പ്രശ്‌നം ആണല്ലോ ബിഗ് ബോസ് വിന്നറും സംവിധായകനുമായ അഖിലിന്റെ പേരിനൊപ്പം ഉള്ള മാരാര്‍ എന്ന വാല്‍. ആ ഭീകര പ്രശ്‌നം ചര്‍ച്ച ചെയ്ത നിഷാദ് റാവുത്തറിലെ ‘റാവുത്തര്‍ ‘ എന്ന വാലിന് ഹൈന്ദവ സവര്‍ണ്ണ ഹെജിമണിയുടെ ആനപ്പുറത്ത് കേറി സവാരി ചെയ്യേണ്ടതില്ലാത്തതിനാല്‍ യാതൊരു പ്രശ്‌നവും ഇല്ല. അതിനാല്‍ തന്നെ ജാതിവാല്‍ എന്ന ചെണ്ട എടുത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ഉളുപ്പ് ഒരുപാടുണ്ടാകാറുണ്ട്. സ്വന്തം അഭിപ്രായങ്ങളില്‍, നിലപാടുകളില്‍ ഒക്കെ ഉറച്ചു നിന്ന്, സ്വന്തം സ്വത്വത്തിന് മേലെ ആട-അലങ്കാരങ്ങള്‍ ചാര്‍ത്താതെ നിന്ന ഒരാള്‍ തന്നെയാണ് അഖില്‍ മാരാര്‍.

താഴെ തട്ടില്‍ നിന്ന് നടന്നു നടന്ന് വന്ന്, പടവുകള്‍ മെല്ലെ കയറി സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത ഷോ stealer -ബിഗ് ബോസ് സീസണ്‍ 5 ടൈറ്റില്‍ വിന്നര്‍ അഖില്‍ മാരാര്‍. ബിഗ് ബോസ് ഹൗസില്‍ നൂറ് ദിവസവും നിറഞ്ഞു ഓടിയത് അയാളുടെ അസാധ്യ അഭിനയമാണ്. അതിനെ നമ്മള്‍ മാരാറിസം എന്ന് വിളിച്ചു. ഷോ കഴിഞ്ഞു. അലറലും പോര്‍വിളികളും ഒന്നും ഇല്ലാതെ വിന്നര്‍ സ്വന്തം കാര്യം നോക്കി, സിനിമ എന്ന സ്വന്തം തട്ടകത്തില്‍ വിജയം കൊയ്യാനുള്ള തിരക്കില്‍ മുഴുകുന്നു. ആര്‍ക്കും ശല്യം ആകാതെ, ശല്യം ഉണ്ടാക്കാതെ! ഇപ്പോഴിതാ വെറുതെ ഒരു ചര്‍ച്ച ഫോക്കസില്‍ വച്ച്, അഖില്‍ മാരാര്‍ എന്ന വ്യക്തിയിലെ മാരാര്‍ മാത്രം ചികഞ്ഞെടുത്ത് പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ ഫ്രീ സ്റ്റഡി ക്ലാസ്സ് നല്കുന്നു ചിലര്‍.


ഈ കേരളീയ സമൂഹത്തില്‍ അഴുകിയ ജാതി ബോധം ഉള്ളില്‍ കൊണ്ടുനടക്കുന്നത് സവര്‍ണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാര്‍ഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്. ഇവിടെ ഒരാളുടെ പേരിനൊപ്പം നായര്‍ – മേനോന്‍ – പിള്ള -വര്‍മ്മ എന്നൊക്കെ ജാതിപ്പേര്‍ കണ്ടാല്‍ ഉടനെ അയാള്‍ക്കെതിരെ സവര്‍ണ്ണ ഫാസിസ്റ്റ് മൂരാച്ചിയെന്ന വിധിയെഴുത്താണ് ഉണ്ടാവുന്നത്. പക്ഷേ എല്ലാവര്‍ക്കും ഈ വിധിയെഴുത്ത് ബാധകമല്ല. പേരിനു മുന്നില്‍ ഒരു സഖാവ് ഉണ്ടെങ്കില്‍ ജാതിവാല്‍ മാനവികതയുടെ ചിഹ്നമാകും. സഖാവ്. കൃഷ്ണപിള്ളയ്ക്കും സഖാവ് ഗോവിന്ദപിള്ളയ്ക്കും പിള്ള വാല്‍ മതേതരത്വ ചിഹ്നമാണെങ്കില്‍ ഷെഫ് പിള്ളയ്ക്ക് അത് സവര്‍ണ്ണ ഫാസിസ്റ്റ് ചിഹ്നമാണ് . ഇടതോരം ചേര്‍ന്ന് നടക്കാത്ത മനുഷ്യരാണെങ്കില്‍ പേരിനൊപ്പമുളള ജാതി പ്രിവിലേജ് കാര്‍ഡാണ് എന്നാണ് വയ്പ്പ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പലപ്പോഴും ജാതീയതയുടെ ഭീകര ഇരകളാവുന്നത് നായരും മേനോനുമൊക്കെയാണ്. അവര്‍ ഇവിടുത്തെ നടപ്പുരീതികളെ വിമര്‍ശിച്ചാല്‍ അത് പുരോഗമനാശയത്തിനു എതിരാണെങ്കില്‍ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പേരിനൊപ്പമുളള ജാതിവാലാണ്. ആശയപരമായ സംവാദങ്ങള്‍ക്കിടയില്‍ ഉത്തരമില്ലാതാകുമ്പോള്‍ പേരിനൊപ്പമുള്ള വാല്‍ സമര്‍ത്ഥമായി എടുത്തിടും. അതൊരു നായര്‍ സ്ത്രീയാണെങ്കില്‍ ഉടനെ അച്ചി പ്രയോഗത്തിലേയ്ക്ക് ഒരു കടന്നുകയറ്റമുണ്ട്.

പിന്നീട് കേരളചരിത്രത്തിലെ ഉണ്ണിയച്ചി ചരിതമൊക്കെ കുടഞ്ഞിട്ട് കുഴിയില്‍ പോയ കാരണവന്മാരെയെയും കാരണവത്തിമാരെയുമൊക്കെ നിരത്തി നിറുത്തി സ്മാര്‍ത്ത വിചാരണ ചെയ്യിക്കും. പേരില്‍ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാര്‍ രാമവര്‍മ്മയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവോത്ഥാനത്തിന്റെ കാവലാളുകളായി അറിയപ്പെടുന്ന അതേ കേരളത്തിലാണ് ജാതിവാല്‍ മുറിച്ചു കളഞ്ഞ മന്നത്ത് പത്മനാഭന്റെ സംഘടനയെ സവര്‍ണ്ണതയുടെ പ്രതീകമാക്കി ആക്ഷേപിക്കുന്നത്. സഖാവ്. ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേര് ഇടത് ബൗദ്ധികതയുടെ ബ്രാന്‍ഡ് നെയിമാണെങ്കില്‍ പഴയിടം നമ്പൂതിരിപ്പാട് എന്നത് ബ്രാഹ്‌മണ്യത്തിന്റെ സവര്‍ണ്ണ ഹെജിമണി പേറുന്ന ഒന്നായി നരേറ്റ് ചെയ്യപ്പെടുന്നു.

ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതില്‍ ആക്ഷേപമില്ല. ജാതിയുടെ നേര്‍ക്കാഴ്ചകളായ സംവരണമണ്ഡലങ്ങളില്‍ ജനാധിപത്യത്തെ കൂട്ടിചേര്‍ക്കുന്നതില്‍ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം ജാതിയുടെ അടയാളങ്ങള്‍ കൂട്ടിക്കെട്ടിയാല്‍ ഉടന്‍ മാടമ്പിയായി; സവര്‍ണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേര്‍ക്കുന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. നിഷാദ് എന്ന പേരിനൊപ്പം റാവുത്തര്‍ ചേര്‍ത്ത ദാറ്റ് സെയിം വ്യക്തിപരമായ സ്വാതന്ത്ര്യമാണ് അഖില്‍ എന്ന പേരിനൊപ്പം ഉള്ള മാരാര്‍ എന്ന് അറിയാതെ ഒന്നുമല്ല ആ ചര്‍ച്ച.

പക്ഷേ കിട്ടുന്ന അവസരം നോക്കി ഹൈന്ദവതയിലെ ജാതീയതയില്‍ തൊട്ട് സവര്‍ണ്ണ ഹെജിമണി, മാടമ്പി എന്നൊക്കെ തട്ടി വിടുമ്പോള്‍ കിട്ടുന്ന ആ കുത്തിത്തിരുപ്പിന്റെ സുഖം ഉണ്ടല്ലോ അത് മീഡിയ വണ്ണിന് പെരുത്ത് ഇഷ്ടമാണ്. എന്തായാലും ഈ കുത്തിത്തിരുപ്പ് ചര്‍ച്ചക്ക് അവര്‍ അര്‍ഹിക്കുന്ന നല്ല സൊയമ്പന്‍ മറുപടി തന്നെ കൊടുത്തിട്ടുണ്ട് അഖില്‍ മാരാര്‍. അവര്‍ കേവലം ജാതി വാല്‍ കൊണ്ട് അളന്ന ആ മനുഷ്യന്‍ ആളുകളിലേക്ക് പടരുമ്പോള്‍ ഇവറ്റകള്‍ വെറും വലിയൊരു പൂജ്യമായി അവരിലേയ്ക്ക് മാത്രം ചുരുങ്ങുന്നു എന്ന സത്യം ഇവറ്റകള്‍ എന്ന് തിരിച്ചറിയാനാണ്?.

LEAVE A REPLY

Please enter your comment!
Please enter your name here