പിവിആര്‍ മലയാള സിനിമ തര്‍ക്കം പുതിയ തലത്തിലേക്ക്

0
60

പിവിആര്‍ മലയാള സിനിമ തര്‍ക്കം പുതിയ തലത്തിലേക്ക്. പ്രദര്‍ശനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകള്‍ ഇനി പിവിആര്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിര്‍ച്വല്‍ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആര്‍ സ്‌ക്രീനുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതു പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിവിആര്‍ ‘കാര്‍ട്ടല്‍’ സ്വഭാവത്തിലാണു പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ്സിനെ ചേദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പറഞ്ഞു. പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്കു വ്യാപിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. വിഷയത്തെ നിയമപരമായും ഇടപെടും. പ്രശ്‌നം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പിവിആര്‍ ഗ്രൂപ്പിന്റെ പ്രധാന തിയറ്ററുകള്‍ ലുലു മാളുകളില്‍ ഉള്ളതിനാല്‍ എം.എ.യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയില്‍, രണ്‍ജി പണിക്കര്‍, സോഹന്‍ സീനുലാല്‍, നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്‌മണ്യം, അന്‍വര്‍ റഷീദ്, സൗബിന്‍ ഷാഹിര്‍, ജിത്തു മാധവന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുന്‍കൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദര്‍ശനം നിര്‍ത്തുന്നതു ഫോണ്‍ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമ റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പാണു പിവിആറിന്റെ തീരുമാനം അറിയുന്നതെന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞു. വലിയ ബുദ്ധിമുട്ടാണ് ഇതുണ്ടാക്കിയത്. ഇതു പണത്തിന്റെയോ ലാഭത്തിന്റെയോ പ്രശ്‌നമല്ലെന്നും കലാകാരന്മാരുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. പിവിആര്‍ സ്‌ക്രീനുകളില്‍ മറ്റു ഭാഷകളിലെ സിനിമകള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കവും തടയുമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം തമിഴ്, തെലുങ്ക്, കന്നഡ സിനിമാ സംഘടനകളുമായി സംസാരിച്ചിട്ടുണ്ട്. ഒരു സിനിമാ വ്യവസായത്തോടും ചെയ്യാത്ത വിധത്തിലാണു മലയാള സിനിമയെയും മലയാളത്തെയും അപമാനിച്ചത്. ഈ ഗ്രൂപ്പ് മറ്റു ഭാഷകളിലുള്ള സിനിമകളോട് ഇത്തരത്തില്‍ ചെയ്യാന്‍ ധൈര്യപ്പെടുമോ എന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

കൊച്ചിയില്‍ ഈയിടെ ഫോറം മാളില്‍ ആരംഭിച്ച പിവിആര്‍ഐനോക്‌സില്‍ സിനിമയുടെ പ്രദര്‍ശനത്തിനുള്ള കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പിവിആറുമായുള്ള തര്‍ക്കമാണു വലിയ വിവാദമായി മാറിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ഉപയോഗിച്ചാല്‍ തിയറ്റുകള്‍ക്കു കൊടുക്കേണ്ട പണം ഗണ്യമായി കുറയ്ക്കാം. എന്നാല്‍ യുഎഫ്ഒ പ്രൊജക്ഷന്‍ സംവിധാനം ഉപയോഗിക്കുന്ന പിവിആര്‍ ഇതിന് തയാറല്ല. യുഎഫ്ഒ, ക്യൂബ് തുടങ്ങി ഏതു പ്രൊജക്ഷന്‍ ഉപയോഗിച്ചാലും കുഴപ്പമില്ലെന്നും വിപിഎഫ് തുക ഒഴിവാക്കണമെന്നാണ് ആവശ്യമെന്നു ഫെഫ്കയും പ്രെഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഈ ചര്‍ച്ചകള്‍ നടക്കവേയാണു പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here