വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിലാണ് സങ്കടം: മെന്‍സ് അസോസിയേഷനെ വിമര്‍ശിച്ച് അശ്വതി ശ്രീകാന്ത്

0
4726

കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഇയാളെ അനുകൂലിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ആലുവ സബ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് സ്വീകരിക്കുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. പുറത്തിറങ്ങിയ സവാദിന് വലിയ രീതിയിലാണ് സംഘടന സ്വീകരണം നല്‍കിയത്. ഇതിനെതിരെ വ്യാപകമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്.

‘സ്വീകരണം കൊടുത്തതില്‍ അല്ല, ‘ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതിലാണ് സങ്കടം’ അശ്വതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ കുറിച്ചു.

നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തുന്നത്. ‘ഇവനെയൊക്കെ തുറന്ന് വിടുന്നത് അപകടമാണ്, ഇത്തരത്തില്‍ സ്വീകരണം കൊടുക്കുന്നത് ശരിയല്ല’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതിനോടൊപ്പം മെന്‍സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് കമന്റിടുന്നവരുമുണ്ട്.

അതേസമയം, ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നല്‍കിയതില്‍ പ്രതികരണവുമായി പരാതിക്കാരിയും രംഗത്ത് വന്നിട്ടുണ്ട്. പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തില്‍ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

”സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാന്‍ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആര്‍ടിസിയില്‍ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.

അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ഇതു ജാമ്യത്തില്‍ ഇറങ്ങിയ അവനോട് ‘ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘര്‍ഷത്തിലാക്കി. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്നു തുടര്‍ച്ചയായി മോശം പരാമര്‍ശം നടത്തുകയാണ്. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമ അക്കൗണ്ടില്‍ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ചത്.”പരാതിക്കാരി പറഞ്ഞു. സംഭവത്തില്‍ നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് (27) ശനിയാഴ്ചയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയത്. പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നല്‍കിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിരുന്നു. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here