ശ്രീനാഥ് ഭാസി ലൊക്കേഷനിലെ സ്ഥിരം പ്രശ്‌നക്കാരന്‍: ‘ഹോം’ ലൊക്കേഷനിലെ ദുരനുഭവം വെളിപ്പെടുത്തി ഷിബു.ജി.സുശീലന്‍

0
2865

നടന്‍ ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കള്‍ക്ക് തലവേദനയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡ്യൂസറുമായ ഷിബു.ജി.സുശീലന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂവിലാണ് ഷിബു ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രീനാഥ് ഭാസി ലൊക്കേഷനില്‍ സമയത്തിന് വരില്ലെന്നും. സമയത്തിന് വരണമെന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസം, വിജയ് ബാബുവിനോട് ശ്രീനാഥിനെ താന്‍ ലൊക്കേഷനില്‍ പീഡിപ്പിക്കുന്നു എന്ന് പരാതി നല്‍കി എന്നും ഷിബു വെളിപ്പെടുത്തി. ഇങ്ങനെയുള്ളവരൊക്കെ എന്നും കിടന്നുറങ്ങട്ടെ, അതാണ് നല്ലതെന്ന് ഷിബു.ജി.സുശീലന്‍ പറയുന്നു.

ഷിബു .ജി.സുശീലന്‍ മൂവി വേള്‍ഡ് മീഡിയയോട് വെളിപ്പെടുത്തിയത്…

എന്റെ അനുഭവത്തില്‍ ഇത്തരത്തില്‍ ലൊക്കേഷനില്‍ പ്രശ്നം ഉണ്ടാക്കുന്ന ഒരാളാണ് ശ്രീനാഥ് ഭാസി. ഞാന്‍ ഹോം എന്ന സിനിമ കൊറോണയുടെ സമയത്താണ് ചെയ്യുന്നത്. ആ സിനിമയുടെ ലൊക്കേഷനില്‍ ശ്രീനാഥ് ഭാസി സമയത്തിന് വന്നിരുന്നില്ല. വൈകുന്നത് തുടര്‍ച്ചയായപ്പോള്‍ ഞാന്‍ ശ്രീനാഥ് ഭാസിയോട് പറഞ്ഞു. താങ്കള്‍ ചെയ്യുന്നത് ശരിയല്ല. ഇത് തുടര്‍ന്നാല്‍ താങ്കളുടെ പേയ്മെന്റ് കുറയ്ക്കേണ്ടി വരും. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ശ്രീനാഥ് ഉടനെ വിജയ് ബാബുവിനോട് പറഞ്ഞു ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നുവെന്ന്.

അന്ന് ഇന്ദ്രന്‍സ് ചേട്ടന്‍ എന്നോട് ചോദിച്ചിട്ടുണ്ട് വെറുതെ രാവിലെ മേക്കപ്പിട്ട് എന്തിനാണ് എന്നെ ഇരുത്തുന്നത്. ആ പാവം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് 7 മണിയാകുമ്പോള്‍ ലൊക്കേഷനില്‍ മേക്കപ്പ് ഇട്ട് ഇരിക്കുകയാണ്. എന്തിനാണ് എന്നെക്കൊണ്ട് ഇങ്ങനെ ഇരുത്തുന്നത് എന്നാണ് ഇന്ദ്രന്‍സ് ചേട്ടന്‍ എന്നോട് ചോദിച്ചത്. ആരായാലും നിവര്‍ത്തിയില്ലാതെ അങ്ങനെ ചോദിച്ചു പോകും. കാരണം കോമ്പിനേഷന്‍സ് ഉള്ള ഷൂട്ട് ആണ്.

ഈ ദിവസങ്ങളില്‍ ഒന്നും നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ഇവര്‍ക്കായി നമ്മള്‍ ലൊക്കേഷനില്‍ നിന്നും വിടുന്ന ഡ്രൈവര്‍മാര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുകയാണ്. ഏതു പടം ആയാലും അതില്‍ അഭിനയിക്കുമ്പോള്‍ നൂറ് ശതമാനം അതിനോട് കൂറു പുലര്‍ത്തണം. ഇക്കാരണങ്ങള്‍ കൊണ്ട് വരാന്‍ പോകുന്ന പടത്തില്‍ നിന്ന് ഷെയ്ന്‍ നിഗത്തെ മാറ്റി. ഇപ്പോള്‍ ഞാന്‍ അറിഞ്ഞതാണ്. പരാക്രമം എന്നാണ് ആ സിനിമയുടെ പേര്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആളുകളെ വച്ച് എങ്ങനെ പടം ഉണ്ടാക്കും.

നമ്മള്‍ പണം കൊടുത്ത് അവരെ വിളിച്ചിട്ട് മാന്യമായ ഒരു പെരുമാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അത് എന്റെ ഫേസ്ബുക്കില്‍ വളരെ വ്യക്തമായി കുറിച്ചത്. ഞാനൊരു പ്രൊഡ്യൂസര്‍ കൂടിയാണ്. മുന്‍പ് നിരവധി പടങ്ങള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളതാണ്. മുന്‍പ് പൃഥ്വിരാജിനെ ഒക്കെ വെച്ച് പടം ചെയ്തിട്ട് എന്തു മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നത്. അങ്ങനെ മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയുമൊക്കെയുള്ള നടന്മാര്‍ നില്‍ക്കുമ്പോള്‍, പുതുതായി വരുന്ന നടന്മാര്‍ ഇങ്ങനെ എന്തിനാണ് കാണിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.

ഒന്നെങ്കില്‍ ഈ ചെറുപ്രായത്തില്‍ കൂടുതല്‍ പണം വന്നു ചേരുമ്പോള്‍ ഉണ്ടാകുന്ന തലക്കനം ആയിരിക്കാം. എനിക്ക് എന്തുമാകാം എന്നുള്ള രീതിയാണ്. എന്തിനാണ് പ്രൊഡ്യൂസര്‍മാര്‍ ഇവരുടെ അടുത്തേക്ക് പോകുന്നത്. ആരും ഇവരുടെ അടുത്തേക്ക് പോകരുത്. നമ്മള്‍ എന്തിനാണ് അവരെ വിളിച്ചുകൊണ്ടു വന്നിട്ട് തലവേദന ഉണ്ടാക്കുന്നത്. കോടികളുടെ മാര്‍ക്കറ്റ് ഒന്നുമില്ല. പിന്നെ എന്തിനാണ് നമ്മള്‍ ഈ കടിക്കുന്ന പട്ടിയെ വാങ്ങിക്കണം ഷിബു.ജി.സുശീലന്‍ പറയുന്നു. ആദ്യം നമ്മള്‍ തീരുമാനിക്കേണ്ടത് ഇവരുടെ അടുത്തേക്ക് പോകരുതെന്നാണ്. അവര്‍ വിശ്രമിക്കട്ടെ. അവര്‍ ഉറങ്ങട്ടെ. നമ്മള്‍ എന്തിനാണ് അവരെ ശല്യപ്പെടുത്താന്‍ പോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here