‘അഭിനയകലയുടെ പെരുന്തച്ചന്’ ഇന്ന് പിറന്നാള്‍

0
146

രു നടന്‍ അയാളുടെ ശരീരത്തെയും ശബ്ദത്തെയും ഭാവചലനങ്ങളെയുമൊക്കെ വേര്‍പെടുത്താനാകാത്ത വിധം കഥാപാത്രങ്ങളിലേക്കു ഇറങ്ങി ചെല്ലുകയെന്ന് പറയുന്നത് അത്ര നിസ്സാരമല്ല. അത്തരത്തിലെ മലയാളത്തിലെ ചുരുക്കം ചില അഭിനേതാക്കളില്‍ ആദ്യ നിരയില്‍പ്പെട്ട മലയാളി കണ്ടറിഞ്ഞ തിലകന്‍ എന്ന മഹാനടന് ഇന്ന് 88-ാം ജന്മദിനം.

ഏതു തരം കഥാപാത്രവുമാകട്ടെ, അവയിലൊക്കെ തന്റെതായ, തനിക്കു മാത്രം സാധ്യമാകുന്ന ഒരു ‘തിലകന്‍ ടച്ച്’ പതിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മലയാള സിനിമ ഒരു കടലാണെങ്കില്‍ അതില്‍ ലയിച്ച് ചേര്‍ന്ന ഉപ്പാണ് തിലകനെന്ന് തന്നെ പറയാം.ഹാസ്യത്തിന്റെയും ഗൗരവപ്രകൃതത്തിന്റെയും ശാന്തതയുടെയും നിസ്സഹായതയുടെയും ക്രൂരതയുടെയും വാല്‍സല്യത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ പല പല തലങ്ങളിലേക്ക്, അവയുടെയൊക്കെ ആഴങ്ങളില്‍ നീന്തുന്നവയായിരുന്നു ഓരോ തിലകന്‍ കഥാപാത്രവും.

‘കിരീട’ത്തിലെ അച്യുതന്‍ നായരും ‘സ്ഫടിക’ത്തിലെ ചാക്കോ മാഷും ‘നരസിംഹ’ത്തിലെ ജസ്റ്റിസ് കരുണാകര മേനോനും മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത അച്ഛന്‍ കഥാപാത്രങ്ങളാണ്. മൂന്നു പേരുടെയും സാഹചര്യങ്ങളും കാലവും വ്യത്യസ്തമായിരിക്കുമ്പോഴും ആന്തരിക ജീവിതത്തില്‍ ചില സമാനതകളുണ്ട്. എന്നാല്‍ തിലകന്‍ അവരെ മൂന്നു മനുഷ്യരാക്കി. മൂന്നു ഭാവങ്ങളും ചലനങ്ങളും നല്‍കി. അവരുടെ വൈകാരിക പ്രകടനങ്ങളില്‍ പോലും ആ വ്യത്യസ്തത പ്രകടമായിരുന്നു.

നാടോടിക്കാറ്റ്, മൂന്നാം പക്കം, പെരുന്തച്ചന്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പിന്‍ഗാമി, ഗോഗ് ഫാദര്‍, മൂക്കില്ലാ രാജ്യത്ത്, യവനിക, പഞ്ചവടിപ്പാലം, കാട്ടുകുതിര, ചക്കിക്കൊത്ത ചങ്കരന്‍, കിലുക്കം, സന്ദേശം കണ്ണെഴുതിപ്പൊട്ടും തൊട്ട്, ഉസ്താദ് ഹോട്ടല്‍…എന്നിങ്ങനെ തിലകന്റെ മികച്ച പ്രകടനങ്ങളുള്ള സിനിമകളുടെ പട്ടിക നീളുന്നു. ഇവയിലൊക്കെയും ഓരോരോ തിലകനെയാണ് പ്രേക്ഷകര്‍ കണ്ടത്.

ഗൗരവപ്രകൃതമുള്ള കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും ഹാസ്യ പ്രധാനമായ കഥാപാത്രങ്ങളായി നിറഞ്ഞാടുന്ന തിലകനെയാണ് മൂക്കില്ലാ രാജ്യത്തിലും പഞ്ചവടിപ്പാലത്തിലും ചക്കിക്കൊത്ത ചങ്കരനിലും നാടുവാഴികളിലുമൊക്കെ പ്രേക്ഷകര്‍ കണ്ടത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളി പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ച മറ്റൊരു നെഗറ്റീവ് കഥാപാത്രമായിരുന്നു.
തിലകനിലെ നടന്റെ ഏറ്റവും വലിയ ബലം അദ്ദേഹത്തിന് നാടക വേദികളിലൂടെ കിട്ടിയ മികച്ച ശിക്ഷണമായിരുന്നു. അതിനാല്‍ തന്നെ വേണ്ടും വിധം ആവശ്യമുള്ളപ്പോള്‍ എടുത്തുപയോഗിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മികവ്.

അതേസമയം, ഇടക്കാലത്ത് സിനിമയില്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ തിലകന് ലഭിച്ചില്ല. സിനിമയ്ക്ക് പുറത്ത് താരസംഘടനയുമായുണ്ടായ തര്‍ക്കങ്ങളും തന്റെ മൂര്‍ച്ചയേറിയ നിലപാടുകളുമായിരുന്നു അതിന് കാരണം. പിന്നീട് രോഗങ്ങളും പ്രതിസന്ധികളും വന്നപ്പോഴും തിലകനെന്ന നടന്‍ വിശ്വരൂപം പ്രാപിച്ച് വീണ്ടും വെള്ളിത്തിരയില്‍ നിറഞ്ഞു…

ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ‘ഇന്ത്യന്‍ റുപ്പി’യിലെ അച്യുത മേനോനും ‘ഉസ്താദ് ഹോട്ടലി’ലെ കരീമിക്കയും തിലകനിലെ നടനെ അതിന്റെ തീവ്രതയില്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ഒരു നടന്‍ അയാളുടെ കരിയറില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളൊക്കെയും മറ്റൊരാള്‍ക്കും പുനരവതരിപ്പിച്ചു ഫലിപ്പിക്കാനാകാത്തത്ര പൂര്‍ണതയിലേക്കെത്തിയെന്നത് തിലകനെപ്പോലെ ചിലര്‍ക്കു മാത്രം ലഭിക്കുന്ന അംഗീകാരമാണ്.ഒടുവില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തനിക്കു മാത്രമായി ഒരു സിംഹാസനം തീര്‍ത്ത്, 2012 സെപ്റ്റംബര്‍ 24ന് തന്റെ 77 വയസ്സില്‍ തിലകന്‍ വിടപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here