എടാ ഉവ്വേ രാവിലെ ഒരു പെണ്‍പട്ടി വരുന്നത്‌ കണ്ടല്ലോ…’വാലാട്ടി’ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്‌

0
190

വാലാട്ടിയിലെ അനിമേറ്റഡ് വീഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അജു വര്‍ഗീസിന്റെ വോയിസില്‍ ഒരു പൂവന്‍ കോഴി എടാ ഉവ്വേ രാവിലെ ഒരു പെണ്‍പട്ടി വരുന്ന്ത കണ്ടല്ലോ എന്തായി എന്ന് ചോദിക്കുന്നിടത്ത് നിന്നാണ് ട്രെയിലറിന്റെ തുടക്കം. അങ്ങനെ വലിഞ്ഞ് കേറി വരുന്ന പട്ടികള്‍ക്കൊന്നും കൊടുക്കാനുളളതല്ല ടോമിയുടെ ഈ ജീവിതം എന്ന് നായ തിരിച്ചും പറയുന്നു. എന്തായാലും ശ്വാനരെ എന്ന അനിമേറ്റഡ് വീഡിയോ ഗാനം പോലെ തന്നെ രസകരമാണ് ട്രെയിലര്‍.

കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മൃഗങ്ങള്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മൃഗങ്ങള്‍ മാത്രമുള്ള സിനിമ ഇതാദ്യമായിരിക്കും. അത്തരമൊരു ചിത്രമാണ് വളര്‍ത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന വാലാട്ടി. ജൂലൈ 21 ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയിലര്‍ ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് ഏറെ കൗതുകവും പ്രതീക്ഷയും നല്‍കിയിരിക്കുകയാണ്.

പതിനൊന്നു നായകളും ഒരു പൂവന്‍ കോഴിയുമാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ അതേ വികാരവിചാരങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. അതെന്തൊക്കെയാണന്ന് ചിത്രം കാണുന്നതു വരേയും സസ്പെന്‍സായിത്തന്നെ നില്‍ക്കട്ടെയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തികച്ചും രസകരമായ അനുഭവമായിരിക്കും ഈ ചിത്രം. നവാഗതനായ ദേവനാണ് വാലാട്ടിയുടെ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കെജിഎഫ് എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസിലെ നിര്‍മാണ പങ്കാളിയായ കാര്‍ത്തിക്ക് ഗൌഡയുടെ ഉടമസ്ഥതയിലുള്ള കെആര്‍ജി സ്റ്റുഡിയോസാണ് വാലാട്ടിയെ ലോകമെമ്പാടുമുള്ള തിയറ്ററിലെത്തിക്കുന്നത്.

ഇത് ഒരു സാധാരണ സിനിമയല്ലാത്തതിനാല്‍ വലിയ മുന്നൊരുക്കം തന്നെ വേണ്ടി വന്നുവെന്ന് സംവിധായകനായ ദേവന്‍ പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ വേണ്ടി വന്നു ഇതിലെ അഭിനേതാക്കളായ നായകള്‍ക്കും പൂവന്‍ കോഴിക്കുമുള്ള പരിശീലനം നല്‍കാന്‍. ഒരു സാധാരണ സിനിമ എടുക്കുന്നതിന്റെ പത്തിരട്ടി അധ്വാനമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു കൗതുകം കൂടി ഈ ചിത്രത്തിലുണ്ട്. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. അജു വര്‍ഗീസ് ആണ് ചിത്രത്തിലെ പൂവന്‍കോഴിയ്ക്കു ശബ്ദം നല്‍കിയിരിക്കുന്നത്. സൗബിനും ഒരു കഥാപാത്രത്തിന് ശബ്ദം നല്‍കിയിട്ടുണ്ട്. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്നതാണ് ഈ ചിത്രം.

ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പതിന്നാലാമത്തെ പുതുമുഖ സംവിധായകനാണ് ദേവന്‍. മലയാളത്തിനു പുറമേ തമിഴ്, കന്നഡ ,ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൊത്തം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.ഏതു ഭാഷക്കാര്‍ക്കും ദേശക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പോരുന്ന ഒരു യുണിവേഴ്‌സല്‍ ചിത്രമാണ് വാലാട്ടി. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് അയൂബ് ഖാന്‍. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍ . കോസ്റ്റും ഡിസൈന്‍ ജിതിന്‍ ജോസ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു. നിര്‍മ്മാണ നിര്‍വഹണം ഷിബു.ജി.സുശീലന്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here