അങ്ങനെ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി പോകും : മോഹന്‍ ലാല്‍

0
562

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ മേഖലകളില്‍ ഉള്ള വ്യക്തികള്‍, വിവിധ സ്വഭാവവും വ്യത്യസ്ത അഭിപ്രായങ്ങളുമുള്ള വ്യക്തികള്‍, അത്തരത്തില്‍ പൂര്‍ണമായും വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വന്നവര്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വരുന്ന നൂറ് ദിനങ്ങള്‍.

സോഷ്യല്‍മീഡിയ, സിനിമ എന്നീ ഫാന്റസികള്‍ നിറഞ്ഞ ലോകത്ത് നിന്നും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ യഥാര്‍ഥ വ്യക്തികളായി മാറുന്ന അവരുടെ ദൈനംദിന ദിനചര്യകളും പ്രവര്‍ത്തികളും. അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് ബിഗ്ബോസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്കും ഷോ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.

കേരളത്തില്‍ ആരംഭിയ്ക്കാന്‍ പോകുന്ന മലയാളം ബിഗ് ബോസ് അഞ്ചാം സീസണിനെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളാണ് എല്ലായിടത്തും. എന്തൊക്കെ സര്‍പ്രൈസുകളായിരിക്കും ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തവണ ഷോയില്‍ മാറ്റുരയ്ക്കുക ആരൊക്കെയാകും എന്ന എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരുമെല്ലാം ഇക്കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ ചൂടുപിടിച്ച ചര്‍ച്ചയ്ക്കിടെ ഷോയുടെ മുഖമായ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

എല്ലാ സീസണുകളും താന്‍ ഒറിജിനല്‍ ആയാണ് നിന്നതെന്നും ഈ ഷോയില്‍ നമുക്ക് കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവില്‍ ആയിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

‘ഞാന്‍ എല്ലാ സീസണിലും ഒറിജിനല്‍ ആയിട്ട് തന്നെയാണ് നില്‍ക്കുന്നത്. കാരണം ഈ ഷോയില്‍ നമുക്ക് കള്ളത്തരങ്ങള്‍ ഒന്നും കാണിക്കാന്‍ പറ്റില്ല. എല്ലാവരും പറയും ഇത് സ്‌ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം ഇതൊരു ഭാഷയില്‍ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ നേരത്തെ സ്‌ക്രിപ്റ്റ് ചെയ്യാന്‍ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താര്‍ക്കും സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറ്റില്ല.

അത്തരം കാര്യങ്ങളില്‍ ഏറ്റവും ഒറിജിനല്‍ ആയി പ്രവര്‍ത്തിക്കാന്‍ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോര്‍ട്ട് ചെയ്യക, അയാള്‍ക്ക് വേണ്ടി നില്‍ക്കുകയൊന്നും ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാന്‍ പറയുന്ന ദിവസം ഞാന്‍ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല’, എന്നും മോഹന്‍ലാല്‍ പറഞ്ഞത്.

ബിഗ് ബോസിലെ ഇത്തവണത്തെ മത്സരാര്‍ഥികളെല്ലാം അവരവരുടെ തുറകളില്‍ സക്‌സസായി, ജീവിതത്തോട് പടവെട്ടി മുന്നോട്ട് വന്നവരാണ്. അതുകൊണ്ടാണ് ബാറ്റില്‍ ഓഫ് ഒറിജിനല്‍സ് എന്ന് പേരിട്ടിരിക്കുന്നത്. വളരെ നല്ല ഗ്രൂപ്പാണ് നമുക്ക് വന്നിരിക്കുന്നത്. ഓരോ സീസണ്‍ കഴിയും തോറും കൂടുതല്‍ മികച്ചതായി ആളുകളിലേക്ക് എത്തുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്‌ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ‘ ഞാന്‍ ഒരു പെര്‍ഫോമര്‍ ആണ്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു.ബിഗ് ബോസ് പോലൊരു ഷോയില്‍ ചാന്‍സ് കിട്ടിയത് സന്തോഷമാണ്. വ്യത്യസ്തമായൊരു പ്ലാറ്റ് ഫോമാണത്. രണ്ടും റിസ്‌ക് എന്ന് പറയുന്നില്ല. പക്ഷേ രണ്ടു കാര്യങ്ങളും ഏറ്റവും എന്‍ജോയ് ചെയ്താണ് ഞാന്‍ ചെയ്യുന്നത്’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

 

എന്തായാലും ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 പ്രയാണം ആരംഭിയ്ക്കുകയാണ്. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ഷോ സ്ട്രീം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here