കെ ജി ജോർജ് എന്ന ക്രാഫ്റ്റ്‌മാന്റെ വരവും മാറ്റവും

0
160

മലയാള സിനിമയിലെ അത്ഭുതമാണ് എന്നും കെ ജി ജോർജ്. ‘ ഏങ്ങളുടെ കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടപ്പുല്ല്’ മുളപ്പിക്കും’. ദലിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകുക എന്ന ആവശ്യം ഉന്നയിച്ച് മഹാത്മാ അയ്യങ്കാളി നേതൃത്വം നൽകിയ സമരത്തിന്റെ തലക്കെട്ട് ഇതായിരുന്നു. അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നവരാണ് എന്നും കാലതീതമായി സമൂഹത്തിൽ നിലനിൽക്കുന്നത്. സിനിമയിലും അത്തരമൊരു ഉടച്ചു വാർക്കൽ സംഭവിച്ചു.

അത് കെ ജി ജോർജ് എന്ന ക്രാഫ്റ്റ്‌മാന്റെ വരവോട് കൂടി ആയിരുന്നു. അതുവരെ നിലനിന്നിരുന്ന കഥാഗതികളിൽ നിന്ന് മാറി, മനുഷ്യരുടെ മാനസിക സംഘർഷങ്ങളിലേക്കും അത് നയിക്കുന്ന പ്രത്യാഘാതങ്ങളിലേക്കും സിനിമയെ തുറന്നു വച്ചത് അയാളായിരുന്നു. ആദ്യ ചിത്രമായ യവനിക മുതൽ ഇരകൾ വരെ കെ ജി പറഞ്ഞ് വച്ച കഥകൾ ലോക സിനിമയ്ക്ക് തന്നെ തിരശ്ലീല വീണാലും മായ്ക്കാനും മറക്കാനും കഴിയാത്ത ഒന്നാണ്. സ്ത്രീപക്ഷത്തെ മുൻനിർത്തി ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം പോലെ ഒരു പൊളിറ്റിക്കൽ സറ്റയർ. ഇരകൾ പോലെ ഒരു സൈക്കോളജിക്കൽ ത്രില്ലർ, ഇങ്ങനെ മലയാള സിനിമയിൽ വേറിട്ട കഥകൾ ഒരുക്കാൻ കെ ജി ജോർജിനു മാത്രമേ കഴിഞ്ഞുള്ളു. അയാൾ തെളിച്ച വഴികളിൽ പിന്നീട് അധികമാരും നടന്നിട്ടില്ല. അത്രത്തോളം തീക്ഷ്ണമായിരുന്നു കെ ജി ജോർജ്ജിന്റെ സിനിമകൾ ഓരോന്നും.

തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ എടുത്ത് അതിനെ കൃത്യമായി സംയോജിപ്പിച്ചു കെ ജി സിനിമയാക്കുമ്പോൾ, ഒരു വ്യത്യസ്ത അനുഭവമായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചിരുന്നത്. കെ ജിയുടെ പാഠ പുസ്തകത്തിൽ നിറഞ്ഞിരുന്നത് ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ കഥകളായിരുന്നുവെന്ന് സംശയമില്ലാതെ പറയാൻ കഴിയും. കാരണം അതിന്റെ ഉത്തമ ഉദാഹരണമാണ് ഇരകളിലെ ഗണേഷ് കുമാർ. അയാളുടെ മാനസിക വ്യാപാരങ്ങൾ, അതിന്റെ ശരി തെറ്റുകൾ, ജീവിത സാഹചര്യങ്ങൾ, അതുമൂലം മനുഷ്യർ എത്തിപ്പെടുന്ന അവസ്ഥകൾ എല്ലാം തന്നെ കെ ജി യുടെ സിനിമകളെ സമ്പന്നമാക്കികൊണ്ടിരുന്നു. ഇതുപോലൊരു അത്ഭുതം ഇനി സംഭവിക്കാൻ ഇടയില്ലെന്ന് വർഷങ്ങൾക്ക് മുൻപേ സിനിമാ നിരൂപകരും, ചരിത്രകാരന്മാരും വിധിയെഴുതിയിരുന്നു. അയാൾക്ക് മുൻപും ശേഷവും ഇനി ഇരകളോ പഞ്ചവടിപ്പാലമോ സംഭവിക്കുകയില്ല. ആ കഥയും കഥാപാത്രങ്ങളും മനുഷ്യനുള്ള കാലം വരെ ജീവിക്കാൻ ആയുസ്സുള്ളവയായിരുന്നു.

ഞാൻ കണ്ട സംവിധായകരിൽ ഏറ്റവും മികച്ച ഒരേയൊരാൾ കെ ജി ജോർജ് ആണെന്ന് അന്ന് മമ്മൂട്ടി പറഞ്ഞു. കെ ജി ജോർജ്ജിനെ പോലെ മറ്റൊരു സംവിധായകൻ ലോക സിനിമയിൽ തന്നെ ഇല്ലെന്ന് മലയാള സിനിമാ ലോകം തന്നെ പറയുമ്പോൾ ചെയ്തു വച്ച കുറച്ചു സിനിമകൾ കൊണ്ട് തന്നെ കെ ജി മലയാളത്തിന്റെ മനസ്സിൽ മറക്കാത്ത മുഖമായി മാറുന്നു. അരക്ഷിതാവസ്ഥയും, സാമൂഹികമായ അസമത്വവും കെ ജി ജോർജ്ജിന്റെ സിനിമകളിൽ വന്നുപോയി, അന്ന് എന്തിനാണ് ഇത്തരത്തിൽ സിനിമകളെ ചൂഷണം ചെയ്യുന്നതെന്ന് പലരും ചോദിച്ചു. ഇത്രത്തോളം മനുഷ്യരെ പിടിച്ചുലയ്ക്കുന്ന കഥകളെ എന്തിനാണ് രൂപപ്പെടുത്തുന്നതെന്നും, സിനിമ വിനോദം മാത്രമല്ലേയെന്നും പലരും അഭിപ്രായപ്പെട്ടു.

അന്നും കെ ജി ജോർജ്ജ് തന്റെ വീക്ഷണങ്ങളിൽ തന്നെ അന്ന് ഉറച്ചു നിന്നു. കാരണം അയാൾക്ക് അയാളുടേതായ ശരികളുണ്ടായിരുന്നു. സ്വപ്നാടനം, വ്യാമോഹം, രാപ്പാടികളുടെ ഗാഥ തുടങ്ങി യുവത്വത്തിന്റെ പിറകെ സഞ്ചരിച്ച കെ ജി ജോർജ്ജ് സിനിമകൾ അന്നത്തെ സിനിമയുടെ എല്ലാ അതിരുകളെയും മറികടന്നു എന്ന് മാത്രമല്ല, മുൾവേലികളെ തകർത്ത് പൂക്കളെ പ്രതിഷ്ഠിക്കുകയും ചെയ്തു. എല്ലാവരും നടക്കുന്ന വഴിയേ കെ ജി ജോർജ് നടക്കാൻ ഒരുക്കമല്ലായിരുന്നു. അയാൾക്ക് തനിച്ചു നടക്കാനായിരുന്നു ഇഷ്ടം. ആ തനിച്ചുള്ള നടത്തങ്ങളാണ് പ്രേക്ഷകർക്ക് തീർത്തും വ്യത്യസ്തരായ കഥയെയും കഥാപാത്രങ്ങളെയും സമ്മാനിക്കാനുള്ള കാരണവും. മലയാള സിനിമയിൽ നിലനിന്നിരുന്ന നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനും അയാൾക്ക് കഴിഞ്ഞു.

യവനികയിൽ ഭരത് ഗോപിയെ കൊണ്ട് വന്ന് അതുവരെ കാണാത്ത കാഴ്ചകളും അഭിനയത്തിന്റെ സാധ്യതകളും കെ ജി ജോർജ് മലയാള സിനിമയ്ക്ക് നൽകി. ആദാമിന്റെ വാരിയെല്ലും ലേഖയുടെ മരണവും വ്യത്യസ്തമായ സ്ത്രീ ജീവിതങ്ങളിലൂടെയുള്ള കടന്നുപോകുമ്പോൾ കുറച്ചു സിനിമകൾ കൊണ്ട് മാത്രം മലയാള സിനിമയുടെ നട്ടെല്ലായി മാറാനും അയാൾക്ക് കഴിഞ്ഞിരുന്നു. സിനിമകൾ എപ്പോഴും സമൂഹത്തിന്റെ കണ്ണാടികൾ തന്നെയാണ്. നമ്മൾ നമ്മളോട് തന്നെ സംസാരിക്കാൻ കണ്ടെത്തുന്ന ഭാഷയാണ്. അതുകൊണ്ട് തന്നെ കെ ജി ജോർജ്ജ് എന്നും സിനിമയുടെ കാലാതീതമായ കാഴ്ചകളിൽ ഒരു നിറ സാന്നിധ്യമാകുമെന്ന് മലയാളികൾക്ക് ഉറപ്പുണ്ട്. സിനിമകളിലൂടെ സമൂഹത്തോട് പറയാനുള്ളത് പറഞ്ഞ പ്രിയ സംവിധായകൻ ഇനി ഓർമകളിൽ മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here