അറ്റ്ലീ ചിത്രത്തിൽനിന്നും അല്ലു അർജുൻ പിന്മാറി, പകരം സൽമാൻ ഖാനെന്ന് റിപ്പോർട്ടുകൾ

0
88

തെന്നിന്ത്യയിൽ മാത്രമല്ല ഒരൊറ്റ സിനിമകൊണ്ട് ബോളിവുഡിലും ഹിറ്റ് നേടിയ സംവിധായകനാണ് അറ്റ്ലീ. ഷാരൂഖ് ഖാൻ വേഷമിട്ട ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ തന്‍റെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ സംവിധായകൻ കൂടിയാണ് അറ്റ്ലി. ജവാൻ എന്ന ചിത്രത്തിന് ശേഷം അറ്റ്ലിയുടെ അടുത്ത സിനിമ ഏത് താരത്തി​ന്റെ കൂടെയാണെന്നാണ് സിനിമ ലോകം ആകാംക്ഷയോടെ നോക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി വരുന്ന റിപ്പോർട്ടുകൾ സംവിധായക​ന്റെ ആരാധകരെ ആശങ്കയിൽ ആക്കുന്നവയാണ്.

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനൊപ്പം അറ്റ്ലി സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ വളരെ മുൻപ് വന്നിരുന്നു. എന്നാൽ, അവർ ഏറ്റിരുന്ന ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകൾ പിന്നീട് വന്നു. അല്ലു തന്‍റെ നിർമ്മാണ കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന് അറ്റ്ലി കൂടുതല്‍ പ്രതിഫലം ചോദിച്ചതോടെ ചിത്രം മുടങ്ങിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അല്ലു അർജുൻ പടം മുടങ്ങിയതിന് പിന്നാലെ അറ്റ്ലി മറ്റൊരു നടനുമായി ചേർന്ന് സിനിമ ചെയ്യാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. സല്‍മാന്‍ ഖാനുമായി ചേര്‍ന്നാണ് അറ്റ്ലീ ത​ന്റെ ചിത്രം ചെയ്യുന്നു എന്നാണ് വാര്‍ത്തകൾ. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ പിക്ചേര്‍സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നും വിവരങ്ങളുണ്ട്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ എന്ന ചിത്രത്തി​ന്റെ തിരക്കിലാണ് സൽമാൻ ഖാൻ ഇപ്പോള്‍. ഈ ചിത്രത്തിനായി ഹിന്ദി ബിഗ് ബോസ് ഒടിടി അവതരണം പോലും സല്‍മാന്‍ ഉപേക്ഷിച്ചിരുന്നു. അതേ സമയം അറ്റ്ലി ചിത്രം അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ‘സിക്കന്ദർ’ 2025 ഈദ് റിലീസിനാണ് ഒരുങ്ങുന്നത്. 2025 മാർച്ചോടെ ചിത്രം പൂർത്തിയാകുമെന്ന് കരുതുന്നു.

അതേ സമയം അല്ലു അര്‍ജുന്‍ ചിത്രത്തിനായി അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം. ഇത്രയും തുക നല്‍കാന്‍ നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. നേരത്തെ ജവാന്‍ സിനിമയുടെ പ്രതിഫലമായി അറ്റ്ലിക്ക് 80 കോടി കിട്ടിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. ആഗോളതലത്തില്‍ ചിത്രം 1000 കോടിയിലധികം നേടുകയും ചെയ്തിരുന്നു. സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ പോരാടുന്ന കഥാപശ്ചാത്തലംതന്നെയാണ് ജവാനിലും അറ്റ്ലീ കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here