‘മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള സിനിമയെടുക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല’ : ഗോകുലം ഗോപാലൻ

0
162

രു പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും സാധിക്കുമെങ്കിൽ ചെയ്യണമെന്നും പറയുകയാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ. കൂടാതെ മമ്മൂക്കയെയും മോഹൻലാലിനെയും ഒരുമിച്ചുള്ള ഒരു സിനിമയെടുക്കാനുള്ള ശ്രമത്തെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗോകുലം ഗോപാലൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

​ഗോകുലം ​ഗോപാല​ന്റെ വാക്കുകൾ…

”ഒരു പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കാനൊക്കെ ആഗ്രഹമുണ്ട്, സാധിക്കുമെങ്കിൽ ചെയ്യണം. ഞാൻ പടിപടിയായാണ് മുന്നോട്ടുപോകുന്നത്. പടികൾ ചാടിക്കടന്നാൽ, ചിലപ്പോൾ നാലുപടി അപ്പുറമെത്തുമ്പോൾ ഞാൻ വീഴും. കാരണം ഇരുന്നിട്ടേ കാല് നീട്ടാവു എന്നാണല്ലോ. ഓരോ അടിയും നമ്മൾ സൂക്ഷിച്ചു വെക്കണം. വഴുക്കുന്ന സ്ഥലത്തുകൂടി നടക്കുമ്പോൾ ഓരോ അടിയും നമ്മൾ ശക്തമായേ വെക്കുകയുള്ളു. അപ്പോൾ നമ്മൾ വീഴില്ല. വീഴുന്ന ഇടമാണെങ്കിലും, ശ്രദ്ധിച്ചു നടന്നാൽ വീഴില്ല.

മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സിനിമകൾ ഇതിനോടകം എടുത്തിട്ടുണ്ട്. എന്നാൽ ഇവർ രണ്ടുപേരെയും ഒരുമിച്ചുള്ള സിനിമയെടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല. അവർ രണ്ടുപേരും നല്ല കലാകാരന്മാരാണ്. അവർ രണ്ടുപേരെയും ഒരുമിച്ചു കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുമുണ്ട്. ഒരു പ്രാവശ്യമേ അത് നടന്നുള്ളു, എന്തുകൊണ്ടൊക്കെയോ പിന്നീട് അത് നടക്കുന്നില്ല. അവർ രണ്ടുപേരും ഒന്നിക്കുമ്പോൾ നമുക്കും വലിയ സന്തോഷമാണല്ലോ. പക്ഷെ രണ്ടുപേരും അതിനു യോജിക്കുകയുംകൂടി വേണം.”

നിരവധി സിനിമകൾ ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ചിട്ടുണ്ട്. അതുപോലെതന്നെ അനവധി സിനിമകൾ കേരളത്തിൽ വിതരണത്തിനെടുത്തിട്ടുമുണ്ട്. കേരളത്തിൽകൂടാതെ ഗോകുലം മൂവീസ് ഇപ്പോൾ തമിഴ് നാട്ടിലും വിതരണം ആരഭിച്ചിട്ടുണ്ട് . അതിന്റെ ഭാഗമായി ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജവാൻ’ ഗോകുലം മൂവീസ് തമിഴ് നാട്ടിലും കേരളത്തിലും വിതരണത്തിനെത്തിച്ചിരുന്നു. അന്യസംസ്ഥാനങ്ങളിലേക്കും ഗോകുലം മൂവീസിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു അത്. ചിത്രം വമ്പൻ വിജയമായിരുന്നു തമിഴ്‌നാട്ടിലും കേരളത്തിലും നേടിയെടുത്തത്.

രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ എന്ന സിനിമയും കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. ചിത്രം വൻ വിജയമാണ് കേരളത്തിൽ കൊയ്തത്. ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതും ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് മറ്റൊരു കാരണമായി മാറി. ഈ ചിത്രം വിതരണത്തിന് എടുത്തതോടെ രജനികാന്ത് എന്ന മനുഷ്യനുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here