പ്രശസ്ത സാഹിത്യകാരൻ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു

0
142

സാഹിത്യകാരനായ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം . ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹം മരണപ്പെട്ടത്. എൺപത് വയസായിരുന്നു . ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരജേതാവായിരുന്നു അദ്ദേഹം. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിന്റെ പിതാവാണ് സി ആർ ഓമനക്കുട്ടൻ.

ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. സാഹിത്യത്തിന് നിരവധി പുസ്തങ്ങൾ സമ്മാനിച്ച സാഹിത്യകാരനാണ് സി ആർ ഓമനക്കുട്ടൻ . 23 വർഷം എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. കോട്ടയം സി.എം.എസ്. കോളേജിലും ചങ്ങാനാശ്ശേരി എസ്.ബി. കോളേജിലും പഠിച്ചിറങ്ങിയ അദ്ദേഹത്തിന് ആദ്യം അധ്യാപക ജോലി കിട്ടിയത് കോഴിക്കോട് മീഞ്ചന്ത കോളേജിലായിരുന്നു. ഒരു കൊല്ലത്തിലേറെ അവിടെ പഠിപ്പിച്ച ശേഷമാണ് എറണാകുളം മഹാരാജാസിലേക്ക് മാറ്റം ലഭിച്ചത്. 22 കൊല്ലത്തിലേറെ അവിടെ ജോലി ചെയ്തിരുന്നു. തനിക്ക് പ്രിയപ്പെട്ട നിരവധി ശിഷ്യൻമാരെ കിട്ടിയത് അവിടെ നിന്നാണെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അടിയന്തരാവസ്ഥ കാലത്ത് ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തി​ന്റെ ശവം തീനികൾ എന്ന എഴുത്ത് വളരെയധികം ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു ശവതീനികൾ എന്ന ലേഖനം അടിസ്ഥാനമാക്കിയത്. രാജനെ കാണാതാവുന്ന സമയത്തെല്ലാം അദ്ദേഹത്തിന്റെ അച്ഛനായ ഈച്ചരവാര്യരുടെ കൂടെ ഒരു മുറിയിൽ കഴിഞ്ഞയാളാണ് സി ആർ ഓമനക്കുട്ടൻ. ഈച്ചര വാര്യരുടെ പോരാട്ടം നേരിട്ടു കണ്ടതിന്റെ മാനസിക സംഘർഷങ്ങളാണ് ആ എഴുത്തിൽ പ്രത്യക്ഷപ്പെട്ടത്.

ത​ന്റെ ജീവിതത്തിലെ തന്നെ വിസ്ഫോടനമായി മാറിയ കാലമായ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് അദ്ദേഹം ഒരിക്കൽ മനസുതുറന്നിരുന്നു മീഞ്ചന്ത കോളേജിൽ ജോലി ചെയ്യുന്നകാലത്ത് അദ്ദേഹത്തി​ന്റെ കൂടെ മുറിയിൽ ഉണ്ടായിരുന്ന ആളാണ് പ്രൊഫ. ടി.വി. ഈച്ചരവാരിയർ. അദ്ദേഹത്തെ കാണാൻ ഇടയ്ക്ക് വരുമായിരുന്ന മകൻ രാജനുമായി വളരെപ്പെട്ടെന്ന് തന്നെ സി ആർ ഓമനക്കുട്ടൻ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് രാജനെ കാണാതായതും കസ്റ്റഡി മരണവുമൊക്കെ കേരളത്തിലുണ്ടാക്കിയ പ്രകമ്പനം അദ്ദേഹത്തെയും വല്ലാതെ ഉലച്ചിരുന്നു.

ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങളും നൂറിലേറെ കഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്, 23 വർഷം മഹാരാജാസ് കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം എറണാകുളത്തുതന്നെയായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തിന് എൺപത് വയസ് തികഞ്ഞത്. ”എനിക്ക് എൺപത് വയസ്സായെന്നു കേൾക്കുമ്പോൾ എനിക്ക് തന്നെ അദ്ഭുതം തോന്നുന്നു.” എന്നാണ് അന്ന​ദ്ദേഹം പറഞ്ഞത്. നാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി ഓമനക്കുട്ടൻ കൈവെയ്ക്കാത്ത മേഖലകൾ വളരെ ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here