‘സംഭാഷണങ്ങൾക്ക് വ്യക്തതയില്ലെങ്കിൽ അത് വ്യക്തമാവുന്ന വരെ നിങ്ങൾ കാണുക’: ഷൈൻ ടോം ചാക്കോ

0
159

ല്ലാ കഥാപാത്രങ്ങളും വ്യക്തതയോടുകൂടിയല്ല സംസാരിക്കുന്നത്, അങ്ങനെ സംസാരിക്കുമ്പോൾ അത് കഥാപാത്രങ്ങളാവില്ല. ആ വ്യക്തി നല്ല വ്യക്തമായിട്ട് ഡബ്ബ് ചെയ്യുന്നു എന്നേ പറയാൻ പാടുള്ളൂ എന്ന് ഷൈൻ ടോം ചാക്കോ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ…

“വ്യക്തതയില്ലായ്‌മ എന്ന് പറഞ്ഞിട്ട് ഒരുപാട് ചിത്രങ്ങൾ റിലീസ് ആയതിനുശേഷം എന്നെപ്പറ്റി പറയാറുണ്ട്. ഞാൻ പറയുന്ന ഡയലോഗുകൾ വളരെ വ്യക്തമല്ല, അല്ലെങ്കിൽ ശരിയായി കേൾക്കുന്നില്ല എന്നൊക്കെയാണ് പറയാറ്. വ്യക്തമായി സംസാരിക്കുന്ന ഒരാളുടെ സംഭാഷണം മാത്രമേ നമുക്ക് വ്യക്തമായിട്ട് കേൾക്കാൻ പറ്റുകയുള്ളൂ. എല്ലാ കഥാപാത്രങ്ങളും വ്യക്തതയോടുകൂടിയല്ല സംസാരിക്കുന്നത്, അങ്ങനെ സംസാരിക്കുമ്പോൾ അത് കഥാപാത്രങ്ങളാവില്ല. ആ വ്യക്തി നല്ല വ്യക്തമായിട്ട് ഡബ്ബ് ചെയ്യുന്നു എന്നേ പറയാൻ പാടുള്ളൂ.

അപ്പോൾ ആ വ്യക്തത കൊടുക്കേണ്ട കഥാപാത്രങ്ങൾക്ക് മാത്രമേ ആ വ്യക്തത കൊടുക്കാൻ പാടുള്ളൂ. നിങ്ങൾക്കത് കേൾവിക്ക് വ്യക്തത ഇല്ലെങ്കിൽ ആ കഥാപാത്രം അങ്ങനെയാണ് സംസാരിക്കുന്നത്, അത് നമ്മൾ മനസ്സിലാക്കിയെടുക്കണം. അല്ലെങ്കിൽ കൊറിയൻ പടവും സ്പാനിഷ് പടങ്ങളുമൊക്കെ കാണുമ്പോൾ അവർ പറയുന്ന സംസാരങ്ങളൊക്കെ കേട്ടിട്ടാണോ മനസ്സിലാക്കുന്നത്. ടോം ആൻഡ് ജെറി കണ്ടിട്ട് അവർ പറയുന്ന ഡയലോഗ്സ് കേട്ടിട്ടാണോ മനസ്സിലാക്കുന്നത്. അപ്പോൾ ആ സമയത്ത് സംസാരത്തിന് വ്യക്തതയില്ല, ഡയലോഗിന് വ്യക്തതയില്ലെങ്കിൽ അത് വ്യക്തമാവുന്ന വരെ നിങ്ങൾ കാണുക. അങ്ങനെയല്ലേ നമ്മൾ ഒരാളോട് സംസാരിക്കുക, പുതിയൊരാളെ കണ്ട് സംസാരിക്കുന്ന സമയത്ത് പെട്ടെന്ന് അവരുടെ സംസാരരീതി നമുക്ക് വ്യക്തമാവില്ല.

നമ്മുടെ കാസർഗോഡുള്ള ഒരു സുഹൃത്ത് സാബിത്ത് തന്നെ ആദ്യം പറയുന്നത് ഒന്നും മനസ്സിലായിരുന്നില്ല, പക്ഷേ ഇപ്പോൾ നമുക്ക് മനസ്സിലാകും എന്താ പറയുന്നേ എന്ന്. പക്ഷേ ഇപ്പോഴും ആദ്യമായിട്ട് കാണുന്നവന് അവൻ എന്താണ് പറയുന്നതെന്ന് അയാൾക്ക് വ്യക്തമായിട്ട് മനസ്സിലാകില്ല. അപ്പോഴല്ലേ പുതിയൊരു കഥാപാത്രം ഉണ്ടാകുന്നത്. അല്ലാതെ എല്ലാവരും അക്ഷരസ്ഫുടതയോടുകൂടി സംസാരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ നമുക്ക് അറിയില്ല.

‘കുമാരി’ എന്ന ചിത്രത്തിലാണ് ഏറ്റവും കൂടുതൽ അത് കേട്ടത്. കുമാരിയിലെ ആ കഥാപാത്രം ആദ്യമായി സംസാരിക്കുന്നത് അവൻ ഭാര്യയായി വന്ന ഐശ്വര്യ ചെയ്ത കഥാപാത്രത്തിനോടാണ്. അങ്ങനെ ആദ്യമായിട്ട് ഉള്ളുതുറന്ന് സംസാരിക്കുന്ന ഒരാൾ ചുണ്ട് വച്ചല്ല സംസാരിക്കുക, ഉള്ളു വച്ചാണ്. ആ ഉള്ളു വച്ചുള്ള സംസാരം മനസ്സിലാകണമെങ്കിൽ അവന് ഉള്ളുണ്ടായിരിക്കണം എന്നാണ് പറയുക. ശരീരഭാഷ കൊണ്ടും സന്ദർഭങ്ങൾ കൊണ്ടും അവന്റെ മുഖത്ത് വരുന്ന ഭാവങ്ങൾ കൊണ്ടും എതിർകഥാപാത്രം ചെയ്യുന്ന വ്യക്തിയുടെ ഭാവങ്ങളിൽ നിന്നൊക്കെയാണ് നമ്മൾ മനസ്സിലാക്കിയെടുക്കേണ്ടത്. അതിനെ ഒരു ശരീരഭാഷ എന്ന് പറയു൦ സിനിമയിൽ, അല്ലാതെ അക്ഷരസ്ഫുടത അല്ല സിനിമയ്ക്കാവശ്യം. നന്നായി ഡബ്ബ് ചെയ്യുക, നന്നായി അഭിനയിക്കുക എന്ന് പറഞ്ഞാൽ വളരെ നല്ല വസ്ത്രം ധരിച്ചുവന്ന് വളരെ ശരിയായി ആ ആക്ഷൻ ചെയ്യുന്ന ആളല്ല നല്ല അഭിനേതാവ്”ഷൈൻ ടോം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here