‘ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു, ആദരാജ്ഞലികൾ ജോർജ് സാർ’: മമ്മൂട്ടി

0
238

വ്യത്യസ്തമായ പ്രമേയം കൊണ്ടും ആഖ്യാനശൈലി കൊണ്ടും മലയാളസിനിമയെ ഔന്നത്യത്തിലെത്തിച്ച സംവിധായകൻ കെജി ജോർജ് അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പ്രിയ സംവിധായകനെ ഓർക്കുകയാണ് മമ്മൂട്ടി. ‘ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു , ആദരാജ്ഞലികൾ ജോർജ് സാർ’ എന്ന് മമ്മൂട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, മേള, മറ്റൊരാൾ, ഇലവങ്കോട് ദേശം, കഥയ്ക്ക് പിന്നിൽ തുടങ്ങി മമ്മൂട്ടിയെ നായകനാക്കി നിരവധി ചിത്രങ്ങൾ കെ ജി ജോർജ് സംവിധാനം ചെയ്തിട്ടുണ്ട്.

1946-ൽ തിരുവല്ലയിൽ ആയിരുന്നു ജനനം. 1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ചലച്ചിത്ര സപര്യ ആരംഭിക്കുന്നത്. അദ്ദേഹത്തിൻറെ സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി കെ ജി ജോർജ് നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം എന്നിവയാണ് കെ ജി ജോർജിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

സ്വപ്നാടനം എന്ന ചിത്രത്തിന് 1975-ൽ മികച്ച ചിത്രം, തിരക്കഥ എന്നീ വിഭാഗങ്ങളിൽ കേരള സംസ്ഥാന പുരസ്‌കാരം കെ ജി ജോർജിനെ തേടിയെത്തി. ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം രാപ്പാടികളുടെ ഗാഥ എന്ന സിനിമയ്ക്ക് അർഹമായി. യവനിക എന്ന ചിത്രത്തിന് മികച്ച ചിത്രം, കഥ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരം, ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരം. ഇരകൾ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്കുള്ള സംസ്ഥാന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും കെ ജി ജോർജിനെ തേടിയെത്തി.

ആദാമിന്റെ വാരിയെല്ല് എന്ന പേരിൽ ഒരു സ്ത്രീപക്ഷ സിനിമ എടുക്കാനും, പഞ്ചവടിപ്പാലം പോലെ ഒരു പൊളിറ്റിക്കൽ സറ്റയർ നിർമ്മിക്കാനും, ഇരകൾ പോലെ ഒരു സൈക്കോളജിക്കൽ ത്രില്ലർ സൃഷ്ടിക്കാനും മലയാളത്തിന് ഒരു കെ ജി ജോർജ് മാത്രമേയുള്ളൂ. അയാൾ തെളിച്ച വഴികളിൽ പിന്നീട് അധികമാരും നടന്നിട്ടില്ല. അത്രത്തോളം തീക്ഷ്ണമായിരുന്നു കെ ജി ജോർജ്ജിന്റെ സിനിമകൾ. തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളെ എടുത്ത് അതിനെ കൃത്യമായി സംയോജിപ്പിച്ചു കെ ജി സിനിമയാക്കുമ്പോൾ ഒരു വ്യത്യസ്ത അനുഭവം തന്നെ പ്രേക്ഷകന് ലഭിച്ചിരുന്നു. അഭ്രപാളിയിലെ സ്വപ്നാടനങ്ങൾക്ക് ഇനി വിട…

LEAVE A REPLY

Please enter your comment!
Please enter your name here