‘പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഇത്തരത്തിൽ താണ നിലയിലേക്ക് എത്തിയിരിക്കുന്നത് ഖേദകരം’: നിത്യ മേനോൻ

0
96

സിനിമാമേഖലയിൽ താരങ്ങൾക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ നടക്കാറുണ്ട്. ഇത്തരം പ്രചരണങ്ങൾക്കെതിരെ താരങ്ങൾ പ്രതികരണവുമായി രംഗത്തുവരാറുണ്ട്. ഇപ്പോഴിതാ ഒരു തമിഴ് താരം ഷൂട്ടിംഗ് സെറ്റില്‍ തന്നെ ശല്യം ചെയ്തെന്നും തമിഴ് സിനിമയില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടെന്നുമുള്ള വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനോൻ.

“പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഈ വിധം താണ നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. ഇതിനേക്കാള്‍ മെച്ചപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് വ്യാജ വാര്‍ത്തയാണ്. പൂര്‍ണമായും അസത്യം. ഇങ്ങനെയൊരു അഭിമുഖം ഞാന്‍ നല്‍കിയിട്ടില്ല. ഈ അപവാദപ്രചരണം തുടങ്ങിവച്ചത് ആരെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ദയവായി അത് എന്നെ അറിയിക്കുക.

ക്ലിക്ക് ലഭിക്കാന്‍വേണ്ടിമാത്രം ലളിതമായി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതിന്‍റെ ബാധ്യത ഉണ്ടാവേണ്ടതുണ്ട്. നമ്മള്‍ ഇവിടെയുള്ളത് വളരെ കുറച്ച് കാലം മാത്രമാണ്. പരസ്പരം എത്രത്തോളം തെറ്റുകളാണ് നമ്മള്‍ ചെയ്യുന്നതെന്നത് എന്നെ എപ്പോഴും അമ്പരപ്പിക്കാറുണ്ട്. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്തം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം മോശം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെയാവൂ. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവൂ” നിത്യ മേനോൻ വ്യക്തമാക്കി.

ടി കെ രാജീവ് കുമാറിന്‍റെ സംവിധാനത്തിലെത്തിയ കോളാമ്പിയാണ് അവസാനമായി നിത്യ മേനോൻ മലയാളത്തിൽ അഭിനയിച്ച ചിത്രം. നിത്യ മേനോൻ പ്രധാന വേഷത്തിലെത്തിയ ഇന്ദു വി എസിന്റെ സംവിധാനത്തിലുള്ള ’19(1)(എ)’ എന്ന ചിത്രം വളരെയധികം ശ്രദ്ധായകര്‍ഷിച്ചിരുന്നു. വിജയ് സേതുപതിയായിരുന്നു ചിത്രത്തില്‍ നായകൻ. മോസ്കോ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ മത്സരേതര വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്റോയുമാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

അതേമയം, വ്യത്യസ്തതകൾ കൊണ്ട് വരാൻ ശ്രമിക്കുന്ന യുവനായികമാരിൽ ഒരാളാണ് നിത്യ മേനോൻ. രവീന്ദ്ര നാഥ ടാഗോറിന്റെ ചിത്രാംഗദക്ക് താരം വീണ്ടും ജീവൻ നൽകിയിരുന്നു. വേഷവിധാനങ്ങൾക്കൊണ്ടും, ദൃശ്യങ്ങൾക്കൊണ്ടും ആ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലാണ് ചിത്രങ്ങൾ. കൂടാതെ ‘ചാരുലത’ എന്ന ചിത്രത്തിലെ ഫോട്ടോ റീമേക്ക് ചെയ്തിരിക്കുകയാണ്. ഫോട്ടോയിലൂടെ മറ്റൊരു ഭാവം അവതരിപ്പിച്ചിരിക്കുകയാണ് നടി. കഥാപാത്രത്തെ പുതുതായി കാണാനും പുതിയൊരു കഥ മെനഞ്ഞെടുക്കാനുമുള്ള ശ്രമമാണ് എന്ന് നടി നിത്യ മേനോൻ പോസ്റ്റിൽ കാപ്‌ഷൻ നൽകിയിട്ടുണ്ട്. എന്നാല്‍ ഒറിജിനലിന്റെ അന്തസത്ത നിലനിര്‍ത്തിക്കൊണ്ടു തന്നെ കൗതുകകരമായ സമീപനത്തോടെയുളള പുനര്‍വ്യഖ്യാനങ്ങളുമാണ് എന്ന് നിത്യ മേനോൻ വ്യക്തമാക്കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here