‘കൂലി’യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍ ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്

0
34

പ്രേക്ഷകര്‍ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് രജനികാന്ത് നായക വേഷത്തിലെത്തുന്ന ‘കൂലി’. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. വേട്ടൈയന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രവും. ഇപ്പോഴിതാ ലോകേഷ് കനകരാജ് എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

രജനിക്കൊപ്പമുള്ള ഒരു ചിത്രമാണ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നിലുള്ള കണ്ണാടിയില്‍ നോക്കുന്ന രജനികാന്തും അത് പിന്നില്‍ നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ലോകേഷുമാണ് ചിത്രത്തില്‍. കൂലിക്ക് വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് എന്നാണ് ലോകേഷ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് വച്ച്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പുമായി കസേരയില്‍ ഇരിക്കുന്ന രജനികാന്തിനെ ചിത്രത്തില്‍ കാണാം. ഒരു കൂളിംഗ് ഗ്ലാസും അദ്ദേഹം വച്ചിട്ടുണ്ട്. കൂലിയില്‍ രജനിയുടേതായി വരാനിരിക്കുന്ന ഗെറ്റപ്പ് എന്ന തരത്തിലാണ് ആരാധകര്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്. കാലയിലേതിന് സമാനത തോന്നുന്ന ലുക്കിലാണ് ചിത്രത്തില്‍ രജനി. അതേസമയം ഹെയര്‍സ്‌റ്റൈലില്‍ വ്യത്യാസമുണ്ട്.

ഒരു പത്രസമ്മേളനത്തിനിടെ സത്യരാജ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ രജനികാന്ത് ചെയ്യുന്ന കഥാപാത്രത്തിന്റെ കൂട്ടുകാരന്റെ വേഷത്തിലാണ് സത്യരാജ് എത്തുക എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സത്യരാജിന്റെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ജൂണില്‍ ചെന്നൈയില്‍ വച്ച് കൂലിയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. രജിനികാന്തിന്റെ 171-ാമത്തെ ചിത്രം കൂടിയാണ് കൂലി. സണ്‍പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു കള്ളക്കടത്തുകാരനായാണ് രജിനിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.

ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി ലോകേഷ് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. ലോകേഷിനൊപ്പം എഴുത്തുകാരനും നിര്‍മ്മാതാവുമായ രത്‌നകുമാറും ലിയോയുടെ സഹ-എഴുത്തുകാരനും ഉണ്ടായിരുന്നു. ലോകേഷിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രം രത്നകുമാറാണ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നത്.

പീരിയോഡിക് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന കൂലി ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ലെന്നാണ് വിവരം. 2025 ല്‍ ചിത്രം റിലീസിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.വിജയ് നായകനായെത്തിയ ലിയോയാണ് ലോകേഷിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. കൂലിക്ക് ശേഷം കൈതി 2 ന് വേണ്ടി കാര്‍ത്തിയുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ ശ്രുതി ഹാസനൊപ്പം ഇനിമേല്‍ എന്ന സംഗീത ആല്‍ബത്തിലും ലോകേഷ് അഭിനയിച്ചിരുന്നു.

ലോകേഷിന്റെ അഭിനയരംഗത്തേക്കുള്ള ചുവടുവയ്പ്പിനും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. 14 വര്‍ഷത്തിന് ശേഷം വിജയിയെയും തൃഷയേയും പ്രധാന വേഷത്തില്‍ അവതരിപ്പിച്ച ലിയോ ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം ആണ് രജിനിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here