അജിത്തി​ന്റെ ‘വിടാ മുയർച്ചി’യുടെ പുത്തൻ അപഡേറ്റ് : ആവേശത്തിൽ ആരാധകർ

0
65

തെന്നിന്ത്യയിൽ ആരാധകരേറെയുള്ള അജിത്ത് കുമാറിൻറേതായി വരാനിരിക്കുന്ന ചിത്രമാണ് ‘വിടാ മുയർച്ചി’. മഗിഴ് തിരുമേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപെടുന്ന ചിത്രം ഈ വർഷം തിയറ്ററുകളിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല എന്നതിനാൽ കൃത്യ സമയത്ത് അത് സാധിക്കുമോ എന്ന് ആരാധകർക്കിടയിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ആരാധകരുടെ എല്ലാ സംശയങ്ങൾക്കും ഇപ്പോൾ വിരാമമായിരിക്കുകയാണ്. ചിത്രം ഈ വർഷത്തെ ദീപാവലി റിലീസ് ആയി എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് അജിത്തിൻറെ മാനേജർ ആയ സുരേഷ് ചന്ദ്ര. ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ചന്ദ്ര ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.


സിനിമ നേരത്തേ ചിത്രീകരിച്ച അസർബൈജാനിൽത്തന്നെയാണ് അവസാന ഷെഡ്യൂളും നടക്കുക എന്നും അദ്ദേഹം പറഞ്ഞു. വിടാ മുയർച്ചിയുടെ ചിത്രീകരണസംഘം അസർബൈജാനിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അജിത്ത് നായക കഥാപാത്രത്തിൽ എത്തുന്ന ഒരു ചിത്രം ദീപാവലി റിലീസ് ആയി എത്തുന്നത്. 2015 ൽ റിലീസിനെത്തിയ ചിത്രം വേതാളം ദീപാവലി റിലീസ് ആയിരുന്നു.

തടം, കലഗ തലൈവൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. തെന്നിന്ത്യൻ നടി തൃഷയാണ് വിടാ മുയർച്ചിയിലെ നായിക ആയി എത്തുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന മറ്റൊരു ഘടകം. ലിയോ എന്ന ചിത്രത്തിന് ശേഷം തൃഷ നായികയാവുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ റെഗിന കസാൻഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ ലെെക സുഭാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നീരവ് ഷാ ആണ്. എഡിറ്റിംഗ് ചെയ്യുന്നത് എൻ ബി ശ്രീകാന്ത്. സംഗീതം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ. പ്രേക്ഷകർക്കിടയിൽ വലിയ കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന ചിത്രത്തിൻറെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സൺ ടിവിയ്ക്കുമാണ് നൽകിയിരിക്കുന്നത്. എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച തുനിവ് ആയിരുന്നു അജിത്ത് കുമാറിൻറേതായി ഏറ്റവും അവസാനം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ചിത്രം അതിനൊത്ത ആദ്യ പ്രതികരണങ്ങൾ നേടിയില്ലെങ്കിലും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here