‘എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് സുനിലേട്ടനാണ്: അന്ന് സുനിലേട്ടൻ തന്ന കത്ത് ഇന്നും എന്റെ ബാഗിലുണ്ട്’ : ജെ.പി

0
273

സിനിമാമേഖലയിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ അസിസ്റ്റന്റ് ആയിട്ടും സ്വാതന്ത്രനായിട്ടും ഏകദേശം അറുപതോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിനിമ മേഖലയിലേക്ക് തന്നെ കൊണ്ടുവന്നത് സുനിൽ ഗുരുവായൂർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണെന്ന് പറയുകയാണ് ജയപ്രകാശ് പയ്യന്നൂർ . മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജെപി തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞത്.

ജെ.പിയുടെ വാക്കുകൾ…

”അസിസ്റ്റന്റ് ആയിട്ടും സ്വാതന്ത്രനായിട്ടും ഏകദേശം അറുപതോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് സുനിലേട്ടനാണ് ( സുനിൽ ഗുരുവായൂർ). അതായത് ആദ്യമായി ഒരു സിനിമയിൽ പ്രവർത്തിക്കാൻ അവസരം തന്നത് സുനിലേട്ടനാണ്. ഒറ്റപ്പാലത്ത് പി എം മേനോൻ സാറിന്റെ സീരിയൽ നടക്കുന്ന സ്ഥലത്ത് ഏഷ്യാനെറ്റിന് വേണ്ടി ഞാൻ ഫോട്ടോ എടുക്കുകയായിരുന്നു. അവിടെ ഒരുപാട് പ്രമുഖരായിട്ടുള്ള ആളുകൾ ഉണ്ടായിരുന്നു. പി എം മേനോൻ സർ, ശോഭന പരമേശ്വരൻ സർ കൂടാതെ മുഴുവൻ ടീമും ഉണ്ടായിരുന്നു. ശോഭന പരമേശ്വരൻ സാറിനെയൊക്കെ പറയേണ്ട കാര്യമില്ലല്ലോ, ചലച്ചിത്ര നിർമാതാവാണ്‌, കൂടാതെ ഏഷ്യാനെറ്റിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.

ആ സീരിയലിലെ നായകനായി അഭിനയിക്കുന്ന വിനീത് കുമാറിന്റെ അച്ഛൻ എന്നോട് പറഞ്ഞു മകന്റെ കുറച്ചു ഫോട്ടോകൾ പോർട്രൈയിറ്റ് പോലെ എടുത്തുകൊടുക്കാൻ. അദ്ദേഹം സ്റ്റുഡിയോ ഒക്കെ നടത്തുന്ന ആളാണ്. അവന്റെ വീടിന്റെ അടുത്തുള്ളൊരു പാലത്തിനടുത്തുനിന്നാണ് ഞാൻ ഫോട്ടോകൾ എടുത്തത്. ആ ഫോട്ടോകൾ കൊണ്ടാണ് മേനോൻ സാറിനെ കാണാൻ അവൻ പോകുന്നത്. അന്ന് അവർ ചോദിച്ചു ആ ഫോട്ടോകൾ ആരാണെടുത്തതെന്ന്. അങ്ങനെയാണ് ആ സീരിയലിലേക്കു ഞാൻ എത്തിപ്പെട്ടത്. അന്ന് എന്റെ ഒരു ദിവസത്തെ പ്രതിഫലം മുന്നൂറു രൂപ ആയിരുന്നു.

കുറെ ദിവസം ഞാൻ അവിടെ വർക്ക് ചെയ്തു. ആ സമയത്താണ് നരസിംഹത്തിന്റെ ഷൂട്ടിംഗ് അവിടെ നടന്നത്. അത്ഭുതത്തോടുകൂടിയാണ് ഓരോ ഷൂട്ടിങ്ങിനും ഞാൻ പോകാറുള്ളത്. ലാലേട്ടൻ അഭിനയിക്കുമ്പോഴൊക്കെ നോക്കിനിൽക്കും, എപ്പോഴെങ്കിലും ഫോട്ടോ എടുക്കണം എന്നൊരു ആഗ്രഹത്തോടെ തന്നെയാണ് നോക്കിയിരുന്നത്. അവിടെ വേലപ്പൻ എന്നൊരു ആർട്ട് ഡയറക്ടർ ഉണ്ടായിരുന്നു. ഒറ്റപ്പാലത്തും ഷൊർണുരും ഒക്കെയുള്ള സിനിമകൾക്ക് ആർട്ട് സെറ്റ് ചെയ്തുകൊടുക്കുന്നത് അദ്ദേഹമാണ്. അദ്ദേഹം വഴിയാണ് ഞാൻ സുനിലേട്ടനെ പരിചയപ്പെടുന്നത്.

ആർട്ടിക്കിൾ ഒക്കെയെഴുതുന്ന പരമേശ്വരൻ എന്നൊരാളുണ്ടായിരുന്നു, അദ്ദേഹത്തിനുവേണ്ടി സിനിമയിൽ ഗാനരംഗം നടക്കുന്ന സമയത്ത് ലൊക്കേഷനിൽ പോയി ഞാൻ ഫോട്ടോ എടുത്തു. അന്ന് സുനിലേട്ടന്റെ കൂടെ മറ്റൊരാളായിരുന്നു അസിസ്റ്റന്റ്, അന്ന് അയാൾ ഇല്ലാത്തതുകൊണ്ട് എന്റെ പണി കഴിഞ്ഞപ്പോ ഞാൻ സുനിലേട്ട​ന്റെ കൂടെ കൂടി. പി്ന്നീട് തൊണ്ണൂറ്റി ഒൻപതിൽ ഒക്ടോബറിലാണ് സുനിലേട്ടൻ എനിക്ക് കത്തയക്കുന്നത്. ആ കത്ത് ഇന്നും എന്റെ ബാഗിലുണ്ട്. കത്തിൽ എന്റടുത്ത് പറഞ്ഞു ചാക്കോച്ചന്റെ ഒരു സിനിമ ചെയ്യുന്നുണ്ട് രണ്ടാമത്തെ ഷെഡ്യുളിൽ, ഞാൻ ഒരു അഞ്ചു ദിവസം ജോലി ചെയ്യേണ്ടിവരും , അദ്ദേഹമുണ്ടാവില്ല എന്ന്. അങ്ങനെ ആദ്യത്തെ സിനിമ ആരുമില്ലാതെ തന്നെയാണ് ഞാൻ ഷൂട്ട് ചെയ്തത്.”

LEAVE A REPLY

Please enter your comment!
Please enter your name here