കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് കമലഹാസന്‍; പ്രഖ്യാപനം മക്കള്‍ നീതി മയ്യം യോഗത്തില്‍

0
137

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടന്‍ കമലഹാസന്‍. കോയമ്പത്തൂരില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. മക്കള്‍ നീതി മയ്യത്തിലെ നാലുജില്ലകളിലെ പ്രവര്‍ത്തകരുടെ യോഗമാണ് കോയമ്പത്തൂരില്‍ നടന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെതന്നെ അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേത്യത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കോയമ്പത്തൂരില്‍ നടത്തിവരുന്നത്. അതിലെല്ലാം കമല്‍ഹാസന്‍ പങ്കാളിയായിരുന്നു. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കമല്‍ വരുമോ എന്നതു സംശയമാണ്. 40 മണ്ഡലങ്ങളിലും മത്സരത്തിനു തയാറായിരിക്കണം എന്നു കമല്‍ ഹാസന്‍ നേരത്തെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ നിന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.

 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ കരുതുന്നത്. ഇതിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2018ലാണ് കമലഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചത്. പാര്‍ട്ടി പങ്കെടുത്ത ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒന്നരലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു. സിപിഎമ്മിന്റെ പി.ആര്‍.നടരാജനാണ് നിലവില്‍ കോയമ്പത്തൂരില്‍ എംപി. ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ മാറ്റി അവിടെ കമല്‍ഹാസന് മത്സരിക്കാന്‍ സാധിക്കുമോ എന്നത് വ്യക്തമല്ല.

അതേസമയം, കമല്‍ഹാസന് കോണ്‍ഗ്രസും ഡിഎംകെയും പിന്തുണ നല്‍കുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അടുത്തിടെയായി അദ്ദേഹം കോണ്‍ഗ്രസുമായും ഡിഎംകെയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. തമിഴ്നാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ സിപിഎം നേതാവായ പിആര്‍ നടരാജനാണ് ജയിച്ചത്. ബിജെപിയുടെ സിപി രാധാകൃഷ്ണനെക്കാള്‍ ഒന്നേ മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു നടരാജന്‍. ഡിഎംകെ സഖ്യത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം. ഈ സഖ്യത്തിലേക്ക് കമല്‍ഹാസന്‍ കൂടി എത്തിയാല്‍ മണ്ഡലത്തിന്റെ ചിത്രം മാറിയേക്കും.

കോണ്‍ഗ്രസുമായും ഡിഎംകെയുമായും സിപിഎമ്മുമായും കമല്‍ഹാസന്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഡല്‍ഹിയില്‍ വച്ച് കമല്‍ഹാസനും പങ്കാളിയായിരുന്നു. ബിജെപിക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ കമല്‍ഹാസന്റെ പാര്‍ട്ടി തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ ചേരുമെന്നാണ് കരുതുന്നത്.

അതേസമയം, തമിഴ്നാട്ടിലെ 40 ലോക്സഭാ മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ തയ്യാറാകണം എന്ന് പ്രവര്‍ത്തകര്‍ക്ക് കമല്‍ഹാസന്‍ നിര്‍ദേശം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യം കമല്‍ഹാസന്‍ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു. ഡിഎംകെയുമായി സഖ്യം നീക്കം വിജയിച്ചാല്‍ എംഎന്‍എമ്മിന് വലിയ നേട്ടമാകും.

അതേസമയം, ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധര്‍മ പ്രസ്താവനയിലും കമല്‍ഹാസന്‍ പ്രതികരിച്ചു. ഇക്കാര്യം നേരത്തെ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാര്‍ പറഞ്ഞിട്ടുണ്ട്. തമിഴ് ജനതയോട് ഇത് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ അനാവശ്യമായി വിവാദം സൃഷ്ടിക്കുകയാണ്. സ്നേഹമാണ് തന്റെ മതം എന്നും എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here