വിഖ്യാത സം​ഗീതജ്ഞൻ എസ്.പി. ബാലസുബ്രഹ്മണ്യത്തി​ന്റെ വെങ്കല പ്രതിമ ഒരുങ്ങുന്നു

0
84

സം​ഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും വളരെ പ്രിയ്യപ്പെട്ട ​ഗായകനായിരിക്കും വിഖ്യാത ചലച്ചിത്ര പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം. അദ്ദേഹത്തി​ന്റെ പാട്ട് മൂളാത്തവരായി ആരുമുണ്ടാവില്ല. 2020 ൽ നമ്മളെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിന് പാലക്കാടിന്റെ മണ്ണിൽ ആദരമൊരുങ്ങുകയാണ്.. രാജ്യത്ത് ആദ്യമായി ഒരുങ്ങുന്ന, എസ്.പി.ബി.യുടെ പൂർണകായ വെങ്കല പ്രതിമ പാലക്കാട്ടെ രാപ്പാടിയിൽ സ്ഥാപിക്കും. കണ്ണൂർ പയ്യന്നൂരിലെ കാനായിയിൽ ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് പ്രതിമ നിർമാണം നടക്കുന്നത്. നിരവധി പ്രതിമകൾ നിർമ്മിച്ച് പ്രശസ്തനായ ശിൽപ്പിയാണ് ഉണ്ണി കാനായി.

ഒരിക്കലും മായാത്ത, അദ്ദേഹത്തി​ന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ തൊഴുത് കൈകൂപ്പി നിൽക്കുന്ന രൂപ ഭാവത്തിലാണ് പത്തടി ഉയരത്തിൽ എസ്.പി.ബി.യുടെ വെങ്കല ശില്പം ഒരുക്കുന്നത്. ശില്പം വെങ്കലത്തിൽ ഒരുക്കുന്നതിന് മുന്നോടിയായി കളിമണ്ണുകൊണ്ട് നിർമിച്ച രൂപം കാനായിയിൽ പൂർത്തിയായിട്ടുണ്ട്. ഇനി മെഴുക് പൊതിഞ്ഞശേഷം വെങ്കലത്തിലുള്ള രൂപമാറ്റം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. നാല് മാസത്തിനുള്ളിൽ പ്രതിമ പൂർത്തിയാക്കി അനാവരണം ചെയ്യാനാണ് തീരുമാനം. പണികളെല്ലാം പൂർത്തിയാകുമ്പോൾ ശില്പത്തിന് ഒരു ടൺ ഭാരമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.

സം​ഗീതജ്ഞൻ കെ.ജെ. യേശുദാസ് നേതൃത്വം നൽകുന്ന, മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ ആണ് ശില്പം നിർമിക്കാൻ മുൻകൈ എടുക്കുന്നത്. സംഘടനാ പ്രസിഡൻറ് സുദീപ്കുമാർ, സെക്രട്ടറി രവിശങ്കർ, ഖജാൻജി അനൂപ് ശങ്കർ, ഭരണ സമിതി അംഗം അഫ്സൽ എന്നിവർ കാനായിലെ പണിപ്പുരയിലെത്തി വെങ്കലശില്പത്തിന്റെ കളിമൺരൂപം പരിശോധിച്ചിരുന്നു. മെഴുകുപൊതിയലടക്കമുള്ള ബാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞത്.

 

കളിമണ്ണിൽ പ്രതിമയുടെ നിർമാണം തുടങ്ങിയിട്ട് നാലുമാസത്തോളമായി. 20 വർഷമായി വെങ്കലപ്രതിമാനിർമാണ രംഗത്തുള്ള ആളാണ് ഉണ്ണി. ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേനട മഞ്ജുളാൽത്തറയിൽ നിർമിച്ചുവരുന്ന വെങ്കല ഗരുഡന്റെ ശില്പിയും ഉണ്ണി കാനായിയാണ് നിർമ്മിക്കുന്നത്. പത്തനാപുരത്ത് തയ്യാറാക്കുന്ന മുൻമന്ത്രി ബാലകൃഷ്ണപിള്ളയുടെ വെങ്കലശില്പവും ഉണ്ണിയുടെ കരവിരുതിലാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അമ്പലപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെങ്കലത്തിൽ നിർമിച്ച ഉയരം കൂടിയ ശിവൻ, തിരുവനന്തപുരം ടെക്നോപാർക്കിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ശില്പം എന്നിവയും ഉണ്ണി കാനായിയുടെ നിർമിതികളാണ്. സ്വയം പഠിച്ച് ശില്പനിർമാണ രംഗത്തെത്തിയ ഉണ്ണി കാനായി കേരള ലളിതകലാ അക്കാദമി അംഗം കൂടിയാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വിവേകാനന്ദ പ്രതിഭാ പുരസ്കാരം, ക്ഷേത്രകലാ അക്കാദമിയുടെ ശില്പകലാ പുരസ്കാരം എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here