മിന്നൽ പ്രതാപനേക്കാൾ തീപ്പൊരി ഐറ്റം ; മണിയൻ ചിറ്റപ്പനായി സുരേഷ് ഗോപി

0
236

ലയാളത്തിലെ ആദ്യ ഡിസ്റ്റോപ്പിയൻ ഡോക്യുമെന്‍ററി ചിത്രമെന്ന ടാഗ്‌ലൈനോടെ തിയേറ്ററുകളിലെത്തിയ ഗഗനചാരി പ്രേക്ഷകർക്കിടയിൽ പുത്തൻ അനുഭവമാണ് കാഴ്ചവെച്ചത്.പേരിലെ വ്യത്യസ്തതയും മലയാളം സംസാരിക്കുന്ന ഏലിയനും എല്ലാം പ്രേക്ഷകരിൽ കൗതുകം ഉണർത്തിയിരുന്നു.പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് എത്തിച്ച ഗഗനചാരി ടീമിന്റെ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന മണിയൻ ചിറ്റപ്പൻ.ഗഗനചാരി സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നെത്തുന്ന ചിത്രത്തിൽ നായകനായെത്തുന്നത് നമ്മുടെ സ്വന്തം നടനും എംപിയുമായ സുരേഷ് ഗോപിയാണ്.

ഗഗനചാരിയിൽ മണിയൻ ചിറ്റപ്പൻ എന്നൊരു കോമിക് ബുക്ക് കാണിക്കുന്നുണ്ട്.ആ ബുക്കാണ് പുതിയ സിനിമയായി പ്രേക്ഷർക്ക് മുൻപിലേക്ക് എത്തുന്നത് .മനു അങ്കിളിനേയും സയൻസ് ഫിക്ഷൻ ആനിമേറ്റഡ് സീരീസ് റിക്കി ആൻഡ് മോർട്ടിയേയും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു ക്രേസി സയന്‍റിസ്റ്റിന്‍റെ കഥ.ഗഗനചാരി സ്പിന്‍ ഓഫ് ആയെത്തുന്ന ചിത്രം കോമഡി-ആക്ഷന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്.നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ട കണ്ണടയും ജാക്കറ്റുമൊക്കെയണിഞ്ഞുള്ള സുരേഷ് ഗോപിയുടെ വേഷപ്പകർച്ച തന്നെ ഏറെ കൗതുകമുണർത്തുന്നതാണ്. ഒരു മാഡ്‌ക്രെയ്‌സി ശാസ്ത്രജ്ഞനാണ് ചിറ്റപ്പന്‍ എന്നും പോസ്റ്ററിലൂടെ മനസ്സിലാക്കാൻ സാധിക്കും.

മനു അങ്കിള്‍ എന്ന ചിത്രത്തിലെ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രത്തെ പോലെയാണ് മണിയന്‍ എന്ന കഥാപാത്രമെന്നാണ് സംവിധായകന്‍ പറഞ്ഞത്.വെള്ളത്തിൽ പോയെന്ന് കരുതി മിന്നൽ പ്രതാപന്റെ വീര്യമൊന്നും ചോർന്നുപോയിട്ടില്ലെടാ.. മിനിറ്റുകൾ മാത്രം സ്ക്രീനിൽ വന്നുപോയി, ചിരിപ്പിച്ച് മലയാളിയെ ഒരു വഴിക്കാക്കിയ മിന്നൽ പ്രതാപന്റെ ഈ ഡയലോഗ് നിങ്ങൾ ആരും മറന്നുകാണില്ല.വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിരിപ്പിക്കുന്ന സുരേഷ്ഗോപിയുടെ മാസ്സ് ഡയലോഗുകളിൽ ഒന്നാണിത്.പൊലീസ് വേഷങ്ങളിൽ എന്നും കയ്യടി നേടിയിട്ടുള്ള നടന്റെ വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രമായിരുന്നു മനു അങ്കിൾ എന്ന ചിത്രത്തിലെ മിന്നൽ പ്രതാപൻ. ഒരു ടൈം പിരീഡ് വരെ സീരിയസ് റോളുകൾ മാത്രം ചെയ്ത് ഗൗരവക്കാരനായി നടന്ന സുരേഷ് ഗോപിയുടെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയായിരുന്നു ഇത് .ഇന്നും മലയാള പ്രേക്ഷകരുടെ മനസിൽ ഗസ്റ്റ് റോളുകളിൽ ഒന്നാമൻ മിന്നൽ പ്രതാപൻ തന്നെ.അതുപോലൊരു കഥാപത്രമാണ് മണിയൻ ചിറ്റപ്പനിലും നടനെത്തുന്നത്.ഗഗനചാരി യൂണിവേഴ്സ് ക്രിയേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായുള്ള സിനിമാറ്റിക് എക്സ്പാൻഷനിൽ പുതിയ കാലത്തെ ഒട്ടേറെ സാങ്കേതിക വശങ്ങളും ഉള്‍ചേർക്കുമെന്നും നിർമ്മാതാവ് വിനായക അജിത് വ്യക്തമാക്കിയിട്ടുണ്ട്.

എന്തായാലും ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗ്ഗീസ്,അനാർക്കലി മരക്കാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തെ മലയാള സിനിമാലോകത്തെ ക്ലീഷേ ബ്രേക്കർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ എത്തുന്ന മണിയൻ ചിറ്റപ്പനും മലയാള സിനിമക്ക് പുത്തൻ അനുഭവം കാഴ്ചവെക്കുന്ന സിനിമയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല

LEAVE A REPLY

Please enter your comment!
Please enter your name here