‘രണ്ട് തലമുറകളുടെ പുരുഷ സങ്കലപമായ സുന്ദരപുരുഷൻ’: മലയാളത്തിന്റെ താരരാജാവിന് ഇന്ന് പിറന്നാൾ

0
147

‘സുന്ദരപുരുഷൻ’; ബേപ്പൂർ സുൽത്താൻ വർണ്ണിച്ചത് മറ്റാരെയും ആയിരുന്നില്ല രണ്ട് തലമുറകൾക്ക് പുരുഷ സങ്കൽപമായിരുന്ന മലയാളികളുടെ സ്വന്തം മമ്മൂക്കയെ ആയിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി സ്വയം മാറും. ഒരു നടനാകുക എന്നത് അദ്ദേഹത്തിന്റെ ബാല്യകാല സ്വപ്നമായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ രൂപവും കഥ നടക്കുന്ന പ്രദേശത്തെ പ്രാദേശിക ഭാഷയും നോക്കി സ്വയം തയ്യാറെടുക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 72-ാം പിറന്നാൾ.

കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച മുഹമ്മദ്കുട്ടി ഇസ്മയിൽ പാണപറമ്പിൽ എന്ന മമ്മൂട്ടി 21-ാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് കഠിനപ്രയത്‌നം കൊണ്ട് മാത്രമാണ്. , തേവരയിലെ സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് ഡിഗ്രിയും എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷമാണ് അഭിനയജീവിതത്തിലേക്കുളള തുടക്കം. അതിന് മുൻപ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷേ സിനിമയിൽ ഒന്ന് പച്ച പിടിക്കാൻ രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു. ഈ കാത്തിരിപ്പുകളും പരിശ്രമങ്ങളുമാണ് ഇന്ന് ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം എന്ന പദവിയിൽ എത്തി നിൽക്കുന്നത്.

1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത’അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രം. പിന്നീട്, എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമാമേഖലയിൽ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടി. തൽഫലമായി 3 തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് മമ്മൂട്ടി അർഹനായി. കൂടാതെ അദ്ദേഹത്തിന് രണ്ട് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് വ്യത്യസ്ത ഭാഷകളിൽ നായകനായി അഭിനയിച്ച ഒരേയൊരു നടൻ എന്ന ഖ്യാതി മമ്മൂട്ടിയ്ക്ക് സ്വന്തമാണ്.

നിയമവിദ്യാർത്ഥിയായിരുന്നപ്പോൾ ഒരു പന്തയത്തിന്റെ ഭാഗമായി എറണാകുളത്തെ തെരുവുകളിലൂടെ മമ്മൂട്ടിയും സുഹൃത്തുക്കളും നടന്നു എന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പരമ്പരയായി വന്ന “ചമയങ്ങളില്ലാതെ” എന്ന മമ്മൂട്ടിയുടെ ആത്മകഥ പിന്നീട് 1992-ൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനനം മുതൽ ജീവിതാനുഭവങ്ങളെല്ലാം ആ പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു.

5 പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതത്തിനു പുറമെ കാൻസറും വിട്ടുമാറാത്ത വേദനയും ഉള്ള രോഗികളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജീവകാരുണ്യ സംഘടനയായ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയാണ് മമ്മൂട്ടി എന്ന മഹാനടൻ. നിർദ്ധനരായ കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി. കേരളത്തിലുടനീളം പദ്ധതി ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഇതിന്റെ ഭാഗമായി അംഗപരിമിതര്‍ക്ക് ഇലക്ട്രിക് വീൽചെയറുകൾ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ചികിത്സ സഹായം, വിദ്യാഭ്യാസം ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നത്. കൂടാതെ കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസെന്ട്രേറ്റർ സൗജന്യമായി നൽകിയിരുന്നു .

പഠനത്തില്‍ മികവ് പുലർത്തുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികള്‍ക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ആശ്വാസമായിരുന്നു. മലയാളത്തിലെ വിഖ്യാത സംവിധായകൻ കെ.ജി.ജോർജ് ഒരിക്കൽ പറഞ്ഞു, സൗന്ദര്യത്തിനപ്പുറമുള്ള പ്രായോഗികതയാണ് മമ്മൂട്ടിയെ ഇവിടെ നിലനിർത്തുന്നത് എന്ന്. കെ ജി ജോർജിന്റെ ‘മേളയിലൂടെ ആണ് മമ്മൂട്ടിയുടെ മുഖം പ്രേക്ഷകർക്ക് സുപരിചിതമായത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ കെ.ജി ജോർജിന്റെ സിനിമകൾ വലിയ പങ്കുവഹിച്ചിരുന്നു. എൺപതുകളുടെ തുടക്കത്തിൽ മമ്മൂട്ടി ചെറിയ വേഷങ്ങളിൽ അരങ്ങേറ്റം കുറിച്ചതിലും അഞ്ച് വർഷത്തിനുള്ളിൽ നായകനായി ഉയർന്നതിലും ഐ വി ശശിയുടെ സിനിമകൾക്ക് വലിയ പങ്കുണ്ട്.

ഐ വി ശശിയുടെ ചിത്രമായിരുന്നു മമ്മൂട്ടിക്ക് ആദ്യ പുരസ്കാരം നേടിക്കൊടുത്തത്. ഇരുവരും 32 ലധികം സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഈ രാജ്യം’, മൃഗയ, ഇൻസ്പെക്ടർ ബൽറാം തുടങ്ങി നിരവധി ഹിറ്റുകളാണ് ഒരുകാലത്ത് ഐവി ശശി-മമ്മൂട്ടി കൂട്ടുകെട്ടിൽ മലയാള സിനിമയ്ക്ക് ലഭിച്ചത്. മമ്മൂട്ടി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ സംവിധായകൻ ജോഷിയുടെ സിനിമകൾ വളരെയധികം സഹായിച്ചു. ‘ന്യൂഡൽഹി’, നിറക്കൂട്ട്, കൗരവർ, ‘ധ്രുവം’ തുടങ്ങി നിരവധി ജോഷി ചിത്രങ്ങൾ മമ്മൂട്ടിയുടെ കലാമൂല്യം ഉയർത്തി. അതുപോലെത്തന്നെ ലോഹിതദാസിന്റെ ‘വാൽക്കണ്ണാടി’ എന്ന ചിത്രത്തിൽ ഭീരുവായ കഥാപാത്രമായി മമ്മൂട്ടി തന്റെ പരുക്കൻ ഇമേജ് മാറ്റിമറിച്ചു.

മമ്മൂട്ടി എന്ന നടന്റെ ചലച്ചിത്ര സപര്യയിലെ നാഴികക്കല്ലായിരുന്ന ‘ഒരു വടക്കൻ വീരഗാഥ’, ‘കേരള വർമ്മ പഴശ്ശിരാജ’ എന്നീ ചിത്രങ്ങളിലൂടെ ഹരിഹരൻ അദ്ദേഹത്തെ ഇതിഹാസനായകനായി തിരശീലയിൽ അവതരിപ്പിച്ചു. ബ്ലെസി, ആഷിക് അബു, രഞ്ജിത് ശങ്കർ, ലാൽ ജോസ്, സലിം അഹമ്മദ്, അൻവർ റഷീദ്, ഖാലിദ് റഹ്മാൻ തുടങ്ങി നിരവധി പുതുമുഖ സംവിധായകർക്കൊപ്പവും മമ്മൂട്ടി പ്രവർത്തിച്ചു. മമ്മൂട്ടി ജനശ്രദ്ധ പിടിച്ചുപറ്റിയ കാലത്ത് മോഹൻലാൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയപ്പോൾ താനൊരു വെല്ലുവിളി നിറഞ്ഞ നായകനായിരിക്കുമെന്ന് മമ്മൂട്ടി നടൻ ശ്രീനിവാസനോട് മുൻകൂട്ടി പറഞ്ഞിരുന്നു.

പ്രാദേശിക ഭാഷകൾ അനായാസമായി മമ്മൂട്ടിയ്ക്ക് വഴങ്ങുമായിരുന്നു. അതിൽ എടുത്തുപറയാവുന്ന സംവിധായകൻ രഞ്ജിത്തിന്റെ ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ എന്ന ചിത്രത്തിൽ മമ്മൂട്ടി തൃശൂർ ഭാഷ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചു. 23 വർഷം മുൻപ് പത്മരാജന്റെ തൂവാനത്തുമ്പികളിൽ മോഹൻലാൽ ഇതേ ഭാഷ സംസാരിച്ചിരുന്നു. എന്നാൽ അത് മമ്മൂട്ടിയ്ക്ക് പകരമാവില്ലെന്ന്‌ സംവിധായകൻ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അഭിനയത്തിന് പുറമെ പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങളോടും വിവിധ കാറുകളോടുമുള്ള മമ്മൂട്ടിയുടെ പ്രിയം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. കൂടാതെ കവിതയും കഥയും പാട്ടും ഇഷ്ടപ്പെടുന്നവൻ കൂടിയാണ് മമ്മൂട്ടി. എം.മുകുന്ദൻ ആയിരുന്നു മമ്മൂട്ടിയുടെ പ്രിയ എഴുത്തുകാരൻ. കോളേജ് പഠനകാലത്ത് മമ്മൂട്ടി കൈയെഴുത്ത് മാസികയിൽ നിരവധി കഥകൾ എഴുതുമായിരുന്നു. അതുല്യ നടന്റെ സിനിമകളിൽ മുഹമ്മദ് കുട്ടി ഇല്ലാത്തതുപോലെ ജീവിതത്തിലും മമ്മൂട്ടിയില്ല. അതുകൊണ്ട് അദ്ദേഹത്തിന് പരാജയവുമില്ല. മമ്മൂട്ടി എവിടെയോ പറഞ്ഞതുപോലെ, ‘അവന് ഒരു ദിവസം മാത്രം’അതുകൊണ്ട് തന്നെ ഇപ്പോഴും അദ്ദേഹം പുതിയ അവസരം തേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here