ജി മാരിമുത്തുവിന് വിടനൽകി തമിഴ് സിനിമാലോകം

0
175

ചലച്ചിത്രനടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ‘എതിര്‍നീച്ചൽ’ എന്ന തമിഴ് സീരിയലിന്റെ ഡബ്ബിങ്ങിനു എത്തിയ നടൻ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


2008 ൽ പുറത്തിറങ്ങിയ ‘കണ്ണും കണ്ണും’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഒട്ടനവധി ചിത്രങ്ങളിൽ നടനായും, സപോർട്ടിങ് കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യപരമായ തമിഴ് സിനിമകളുടെ കാലത്ത് അതിൽ നിന്നും വ്യത്യസ്തമായ സിനിമകൾ ചെയ്തുകൊണ്ടാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ് എന്ന മലയാള സിനിമയിയുടെ കഥ വികസിപ്പിച്ചുകൊണ്ട് 2014 ൽ മാരിമുത്തു പുലിവാൽ എന്ന സിനിമയും സംവിധാനം ചെയ്തു.

2010-കളിൽ അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന് മുൻഗണന നൽകുകയും, തമിഴ് സിനിമകളിൽ നിരവധി സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ യുദ്ധം സെയ് എന്ന സിനിമയിലൂടെയാണ് മിഷ്‌കിൻ അദ്ദേഹത്തെ ഒരു നടനായി പരിചയപ്പെടുത്തുന്നത് , അതിൽ അദ്ദേഹം അഴിമതിക്കാരനായ ഒരു പോലീസ് ഓഫീസറായി അഭിനയിച്ചു. ആരോഹണം (2012), നിമിർധു നിൽ (2014), കൊമ്പൻ (2015) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

2022-ൽ എതിർനീച്ചൽ എന്ന ചിത്രത്തിലൂടെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇതിലൂടെ അദ്ദേഹത്തിന്റെ അഭിനയ വൈദഗ്ധ്യത്തിന് വലിയ ആരാധകരെയാണ് ലഭിച്ചത്. തമിഴ് സിനിമ ലോകത്തെ പ്രമുഖ താരങ്ങളിൽ മിക്കവർക്കും ഒപ്പം വേഷമിടാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ താരം. അറുപത്തി നാലോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ജയിലറയിൽ വില്ലനോടൊപ്പം എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. കുറച്ച് സീനുകളിൽ മാത്രമാണ് എത്തുന്നതെങ്കിലും ചില നോട്ടങ്ങൾക്കൊണ്ട് തന്നെ താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ലോകേഷ് കനകരാജിന്റെ വിക്രമിലും വേഷമിട്ടിട്ടുണ്ട്.

ഒട്ടേറെ നല്ല സിനിമകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വിജയം കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓരോ കഥകളിലും താൻ പറഞ്ഞു പോകാൻ ശ്രമിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നാൽ അത് താൻ വിചാരിച്ച രീതിയിൽ ആളുകളിലേക്ക് എത്താത്തതിലുള്ള വൈകാരികമായ പിരിമുറുക്കങ്ങളുമുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. തന്റേതെന്ന് പറയാൻ ഒരിടം ബാക്കിയാക്കി പ്രിയ കലാകാരൻ വിടവാങ്ങി…

LEAVE A REPLY

Please enter your comment!
Please enter your name here