ജയിലർ ലാഭവിഹിതം സാധാരണക്കാർക്ക് സമ്മാനിച്ച് സൺ പിക്ചേഴ്‌സ്

0
169

രജനികാന്ത് പ്രധാന കഥാപാത്രമായി എത്തി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്‌സാണ് ചിത്രം നിർമിച്ചത്. 600 മുതൽ 635 കോടി വരെ ലാഭവിഹിതം ചിത്രം സ്വന്തമാക്കി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ചിത്രത്തിന്റെ ലാഭവിഹിതവും ഒപ്പം കാറും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനും നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലാഭവിഹിതം സാധാരണക്കാർക്ക് നൽകിയതായാണ് വാർത്തകൾ പുറത്ത് വരുന്നത്. സൺ പിക്ചേഴ്‌സ് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

സൺ പിക്‌ചേഴ്‌സിന് വേണ്ടി ശ്രീമതി കാവേരി കലാനിധിയാണ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി മൊത്തം 38 ലക്ഷം രൂപയുടെ ചെക്കുകൾ നൽകിയത്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ താമസ്ഥലമായ ബാല വിഹാർ, അന്ധർക്കും ബധിരർക്കും വേണ്ടിയുള്ള സ്കൂളായ
ലിറ്റിൽ ഫ്ലവർ കോൺവെന്റ്, വയോധികരായ അഗതി സ്ത്രീകളുടെ മന്ദിരമായ വിശ്രാന്തി ചാരിറ്റബിൾ ട്രസ്റ്റ്, അനാഥരായ കുട്ടികൾ താമസിക്കുന്ന ഡോൺ ബോസ്‌കോ അൻബു ഇല്ലം എന്നിവക്കാണ് ധനസഹായം നൽകിയത്.

അതേ സമയം, കേരളത്തില്‍ നിന്ന് മാത്രമായി 50 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്. കേരളത്തില്‍ മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം എട്ട് കോടിയാണ് നേടിയത്. ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി, സുനിൽ, രമ്യ കൃഷ്ണൻ എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.

രജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here