സിനിമയിൽ എന്നെ നിലനിർത്തുന്ന എല്ലാ കലാകാരന്മാർക്കും നന്ദി; കുഞ്ചാക്കോ ബോബൻ

0
162

53-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നിരുന്നു. പുരസ്ക്കാരദാന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമാണ് നേതൃത്വം നൽകിയത്. പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ കുഞ്ചാക്കോ ബോബൻ വേദിയിൽ സംസാരിക്കവെ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകായാണ്. 26 വർഷമായി നിങ്ങൾ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി എന്നാണ് താരം പറഞ്ഞത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…

“വലിയ ആളുകളോടൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. അഭിനയിക്കണം എന്ന് വിചാരിച്ച് സിനിമയിലേക്ക് വന്ന ഒരാളല്ല ഞാൻ. ഇപ്പോൾ 26 വർഷത്തോളമായി ഞാൻ സിനിമയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും, പ്രോത്സാഹനവും ലഭിച്ച് മുന്നേറുന്നു. ഇനി മുന്നോട്ടുള്ള യാത്ര എനിക്ക് കൂടുതൽ അർത്ഥവത്തായി തോന്നുന്നു. അതിനു കാരണക്കാരായ നിങ്ങൾക്ക് എല്ലാവർക്കും എന്റെ നന്ദി. കൂടാതെ സിനിമയിൽ എന്നെ നിലനിർത്തുന്ന എല്ലാ കലാകാരന്മാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു”.

അതേസമയം, സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കിക്കൊണ്ട് സംവിധായകന്‍ ടി.വി. ചന്ദ്രനെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. സ്പെഷ്യൽ ജൂറി പുരസ്ക്കാരം കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ എന്നിവർക്ക് നൽകി. മികച്ച നടിക്കുള്ള പുരസ്ക്കാരം വിന്‍സി അലോഷ്യസിനും, മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്കുമായിരുന്നു. എന്നാൽ ചില വ്യക്തി​ഗത കാരണങ്ങളാൽ പുരസ്ക്കാര ദാനച്ചടങ്ങിന് എത്തിച്ചേരാൻ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുപകരം ലിജോ ജോസ് പെല്ലിശ്ശേരി ആണ് പുരസ്ക്കാരമേറ്റുവാങ്ങിയത്. കൂടാതെ മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നിവരും മറ്റു പുരസ്‌കാര ജേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്ക്കാരദാനച്ചടങ്ങി​ന്റെ അധ്യക്ഷത വഹിച്ചത്. ഭക്ഷ്യ, സിവില്‍ സപൈ്‌ളസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അനുമോദന പ്രഭാഷണവും നടത്തി. വി കെ. പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാനും ബം​ഗാളി സിനിമാ സംവിധായകനുമായ ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ കെ.സി. നാരായണന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, തുടങ്ങിയവര്‍ പുരസ്ക്കാരദാനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here