ആരാധകനെ തള്ളിമാറ്റിയ സംഭവം : മാപ്പ് പറഞ്ഞ് നാ​ഗാർജ്ജുന അക്കിനേനി

0
166

തെന്നിന്ത്യൻ താരങ്ങളിൽ ഒട്ടനവധി ആരാധകരുള്ള താരമാണ് നാഗാർജുന അക്കിനേനി. കഴിഞ്ഞ ദിവസം നടൻ ഉൾപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു, താരത്തെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തള്ളി താഴെയിട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഇപ്പോഴിതാ ആ സംഭവത്തിൽ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നാഗാർജുന. ട്വിറ്ററിലൂടെ ആയിരുന്നു താരത്തി​ന്റെ പ്രതികരണം. ഒപ്പം വെെറലായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സോഷ്യൽ മീഡിയയിൽ വിമർശനത്തിനിടയാക്കിയ സംഭവം നടന്നത്. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ അകമ്പടിയോടെ നടന്ന് വരുന്ന നാ​ഗാർജുനയേയും ധനുഷിനേയും കണ്ട് ഒരു കടയിലെ ജീവനക്കാരൻ താരത്തി​ന്റെ അടുത്തേക്ക് ചെന്നതായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥരിൽ ഒരാൾ ഇയാളെ തള്ളി മാറ്റുകയും, ഇയാൾ നിലത്തേക്ക് വീഴാൻ പോകുകയായിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന നാ​ഗാർജുനയേയും വീഡിയോയിൽ കാണാം.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായതിന് പിന്നാലെ നടനെതിരെ വ്യാപകമായ വിമർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ തന്നെ ഉയരാൻ തുടങ്ങി. ഇതിനെ തുടർന്നാണ് നാഗാർജുന ട്വിറ്ററിൽ പ്രതികരണവുമായി എത്തിയത്. വീഡിയോ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത് എന്നും ആ വ്യക്തിയോട് താൻ മാപ്പ് ചോദിക്കുന്നതായും നാഗാർജുന കുറിപ്പിൽ പറഞ്ഞു. ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാൻ വേണ്ടുന്ന മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം ആരാധകരോട് വ്യക്തമാക്കി.

ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലാണ് നാഗാർജുന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ധനുഷാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് സിനിമയിലെ നായിക ആയി എത്തുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ശിവരാത്രി നാളില്‍ അന്നൗന്‍സ് ചെയ്തിരുന്നു. കുബേരയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്ത് വരുമ്പോള്‍ ആത്മീയത നിറഞ്ഞ് നില്‍ക്കുകയാണ് എന്ന് പല കമ​ന്റുകളും വന്നിരുന്നു. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ധനുഷിന്റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here