മികച്ച ഏഷ്യന്‍ നടനുള്ള ‘സെപ്റ്റിമിയസ്’ പുരസ്‌കാരം നേടി ടൊവിനോ തോമസ്

0
144

ലയാളിപ്രേക്ഷകരുടെ പ്രിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ജനപ്രീതി നേടിയ താരം കൂടിയാണ് ടോവിനോ. 2018 എന്ന സിനിമ മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നോമിനേഷനിലും ഇടംപിടിക്കുകയും ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മികച്ച അഭിനയ പ്രകടനത്തിന് അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ് താരത്തിന്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമിലെ സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയ്ക്ക് ലഭിച്ചിരിക്കുന്നത്.

യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം എന്ന നടൻ മാത്രമാണ് നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു തെന്നിന്ത്യൻ താരത്തിന് ഇങ്ങനെയൊരു പുരസ്‌കാരം ലഭിക്കുന്നത്. ഇറാഖി നടന്‍ വസിം ദിയ, സിംഗപ്പൂരില്‍ നിന്നുള്ള മാര്‍ക് ലീ, ഇറാനിയന്‍ നടന്‍ മൊഹ്സെന്‍ തനബന്ദേ, ഇന്തോനേഷ്യന്‍ നടന്‍ റിയോ ദേവാന്തോ, സൌദി നടന്‍ അസീസ് ബുഹൈസ്, യെമെനി നടന്‍ ഖാലിദ് ഹംദാന്‍ എന്നിവരെ പിന്തള്ളിയാണ് മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.

“ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ മഹത്വം. മരിച്ച് വീണുപോകുന്ന ഓരോ തവണയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇത് എപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്” എന്ന് പുരസ്‌കാരം ലഭിച്ചതിനു ശേഷം ടൊവിനോ സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം, കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു ജൂഡ് ആന്റണി ജോസഫിൻറെ സംവിധാനത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 2018. മികച്ച വിജയം ആയിരുന്നു ചിത്രം നേടിയത്. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു ചിത്രം നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here