മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് നടൻ മോഹൻലാൽ

0
129

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷ നാളിൽ അമ്മയെ കാണാനെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലാണ് മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാൾ ആഘോഷച്ചടങ്ങുകൾ നടന്നത്. അമൃതാനന്ദമയിക്ക് ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു.

 

ഒരേ സമയം ഇരുപത്തിയയ്യായിരത്തിലധികം പേർക്ക് ഇരുന്ന് ആഘോഷപരിപാടികൾ കാണാനുള്ള സൗകര്യം അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ ഒരുക്കിയിരുന്നു. കൂടാതെ എൽ.ഇ.ഡി. സ്‌ക്രീനുകളിലൂടെ ചടങ്ങുകൾ കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സുരക്ഷാമുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡി.ഐ.ജി. ആർ.നിശാന്തിനി, സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച രാവിലെതന്നെ അമൃതപുരിയിലെത്തിയിരുന്നു. തുടർന്ന് പോലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ യോഗം ചേരുകയും ചെയ്തു.

 

 

ഇന്ന് പുലർച്ചെ അഞ്ചു മണിമുതലാണ് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. പുലർച്ചെ അഞ്ചിന് മഹാഗണപതിഹോമം, ഏഴിന് സത്സംഗം എന്നിവ നടന്നു. കൂടാതെ 7.45-ന് സംഗീതസംവിധായകൻ രാഹുൽ രാജും സംഘവും അവതരിപ്പിച്ച നാദാമൃതം, ഒൻപതിന് ഗുരുപാദപൂജ എന്നിവയും നടക്കുകയുണ്ടായി. തുടർന്ന് മാതാ അമൃതാനന്ദമയി ജന്മദിനസന്ദേശവും നൽകി. ധ്യാനം, വിശ്വശാന്തി പ്രാർഥന എന്നിവയും തുടർന്നുണ്ടായിരുന്നു. സാംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു എന്നാണ് വിവരങ്ങൾ.

 

അമേരിക്കയിലെ ബോസ്റ്റൺ ഗ്ലോബൽ ഫോറവും മൈക്കൽ ഡ്യൂക്കാക്കിസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വേൾഡ് ലീഡർ ഫോർ പീസ് ആൻഡ് സെക്യൂരിറ്റി പുരസ്‌കാരം മാതാ അമൃതാനന്ദമയിക്ക് സമർപ്പിക്കുമെന്നാണ് വിവരങ്ങൾ. തുടർന്ന് അമൃതകീർത്തി പുരസ്‌കാരവിതരണം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, അമൃതശ്രീ തൊഴിൽ നൈപുണ്യ വികസനകേന്ദ്രങ്ങളിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ചിലെ 5,000 സ്ത്രീകൾക്കുള്ള ബിരുദദാന വിതരണം എന്നിവയുണ്ടാകും. കൂടാതെ 300 പേർക്ക് നൽകുന്ന ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹവിവാഹം, നാലുലക്ഷം പേർക്കുള്ള വസ്ത്രദാനം എന്നിവയും ഉണ്ടാകും.

സനാതനധർമം എന്നും നാനാത്വത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. ഋഷിമാർ നാനാത്വത്തിൽ വൈരുദ്ധ്യം കണ്ടിട്ടില്ല, അതിനെ നിഷേധിച്ചിട്ടുമില്ല, നാനാത്വത്തിൽ ഏകത്വം ദർശിക്കാനാണ് ഋഷിമാർ പഠിപ്പിച്ചതെന്നും അവർ പറഞ്ഞു. ആ കാഴ്ചപ്പാടിൽ വിദ്വേഷമില്ല, പകയില്ല, ദുഃഖമില്ല, ക്രോധമില്ല. എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം ദർശിക്കാനാണ് അത് പഠിപ്പിക്കുന്നതെന്നും മാതാ അമൃതാനന്ദമയി തന്റെ 70-ാം ജന്മദിന സന്ദേശത്തിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here