“ഒഡിഷനിൽ പങ്കെടുത്തപ്പോൾ പ്രതീക്ഷയൊന്നുമില്ലായിരുന്നു” ; അപ്പാനി ശരത്ത്

0
114

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്കെത്തിയ നടനാണ് അപ്പാനി ശരത് എന്ന ശരത് കുമാർ. നാടക പശ്ചാത്തലത്തിൽ നിന്നും സിനിമയിലേക്ക് കടന്നു വന്ന് ആദ്യ സിനിമയിൽ തന്നെ അപ്പാനി രവി എന്ന വില്ലനായി മികച്ച അഭിനയം കാഴ്ചവെച്ചു കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സിലൊരു കസേരയിട്ടിരുന്നവനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പനി ശരത്ത്.  നാടക വിദ്യാർത്ഥി ആയിരിക്കുന്ന സമയത്ത് വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളൊന്നുമില്ലാതെ സിനിമയിലേക്കെത്തിച്ചേർന്ന അനുഭവം പങ്കു വെച്ചിരിക്കുകയാണ് ശരത്തിപ്പോൾ.
മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

ശരത്തിന്റെ വാക്കുകൾ….

” കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി തിയേറ്റർ പഠിക്കുന്ന സമയത്താണ്. അങ്കമാലി ഡയറീസിന്റെ എഴുത്തുകാരനായ ചെമ്പൻ വിനോദ് ഒഡീഷന് വേണ്ടി വരുന്നത്. കോളേജിലെ എല്ലാവരും ഒഡിഷനിൽ പങ്കെടുത്തിരുന്നു. അവരുടെ കൂടെ ഞാനും പങ്കെടുത്തു അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്. ഒഡീഷൻ കഴിഞ്ഞ സമയത്തു അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല സാധാരണ നിലയിൽ എല്ലാം തീരുമാനിക്കപ്പെട്ടതിനു ശേഷം നടത്തപ്പെടുന്ന ഒരു പരിപാടിയാണല്ലോ ഈ ഓഡിഷൻ. സദൃശ വാക്യങ്ങൾ എന്ന നാടകത്തിലെ ഒരു കോമഡി രംഗമായിരുന്നു ഞാൻ ഓഡിഷന് അവതരിപ്പിച്ചത്. പിറ്റേ ദിവസം രാവിലെ തിരുവനന്തപുരത്ത് ഒരു കലാ സമരമുണ്ടായിരുന്നു. കുറച്ചു സംഘടന പ്രവർത്തനമൊക്കെയുള്ളതു കൊണ്ട് ഞാൻ സമരത്തിന് വിദ്യാര്ത്ഥികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ അതിനായി കുട്ടികൾക്കിടയിൽ നിന്നും പൈസ പിരിച്ചെടുക്കുകയും സമരത്തിന് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയുമൊക്കെയായിരുന്നു.

 

അതിനിടയിലാണ് ഓഡിഷന് പങ്കെടുക്കുന്നത്. അന്ന് കൂടെ പഠിച്ചിരുന്ന ഭാര്യയാണ് ഓഡിഷനിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത്. അന്ന് ഞങ്ങൾ കല്ല്യാണം കഴിച്ചിട്ടില്ല പ്രണയത്തിലാണ്. അവൾ ബി എ ഭരതനാട്യം പഠിച്ചു കൊണ്ടിരിക്കുകയാണ്. ഓഡിഷന് സമയം അവസാനിക്കാനാകുന്നതിന്റെ തൊട്ടു മുൻപാണ് ഞാൻ കേറി പെർഫോം ചെയ്യുന്നത്. അതിൽ സെലക്ട് ആവുകയും അങ്ങനെ സിനിമയിലേക്ക് എത്തുകയും ചെയ്തു”

തിരുവനന്തപുരം സ്വദേശിയായ ശരത്ത് തൻെറ സിനിമ കരിയറിനിടക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത് ഒരു തുടക്കകാരനെന്ന നിലയിൽ അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ലഭിച്ച സ്വീകാര്യത തന്റെ അതിനു ശേഷമുള്ള സിനിമകളിലും നിലനിർത്താൻ സാധിച്ചിട്ടുള്ള കലാകാരൻ കൂടിയാണദ്ദേഹം. സൈനു ചാവക്കാടൻ സംവിധാനം ചെയ്ത പോയിന്റ് റേഞ്ച് ആണ് ശരത് അഭിനയിച്ചതിൽ പുറത്ത് വന്ന അവസാനത്തെ സിനിമ

 

 

LEAVE A REPLY

Please enter your comment!
Please enter your name here